നായകനായി അജു വർഗീസ്; ‘കമല’ നാളെ തിയേറ്ററുകളിലേക്ക്

November 28, 2019

വെള്ളിത്തിരയില്‍ ചിരിവസന്തം ഒരുക്കുന്ന താരങ്ങളില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കമല’. രഞ്ജിത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. ‘പാസഞ്ചര്‍’, ‘അര്‍ജുന്‍ സാക്ഷി’ എന്നീ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത് ശങ്കറിന്റേതായി ഒരുങ്ങുന്ന ത്രില്ലര്‍ പ്രമേയമുള്ള ചിത്രമാണ് ‘കമല’.

ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധനേടിയിരുന്നു ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറുകളും പോസ്റ്ററുകളും. സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. നിഗൂഢത നിറഞ്ഞ രംഗങ്ങളാണ് ട്രെയ്‌ലറില്‍ അധികവും ഇടം നേടിയിരിക്കുന്നത്. പുതുമുഖ താരം റുഹാനി ശര്‍മ്മ, അനൂപ് മേനോന്‍, ബിജു സോപാനം തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഞ്ചാബി, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയയായ നടിയാണ് റുഹാനി ശര്‍മ്മ. റുഹാനിയുടെ ആദ്യ മലയാളം ചിത്രമാണ് ‘കമല’.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കമല 36 മണിക്കൂറുകള്‍ക്കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. രഞ്ജിത് ശങ്കറിനൊപ്പം അജു വര്‍ഗീസ് എത്തുന്ന ഏഴാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘കമല’യ്ക്ക് ഉണ്ട്. ‘സുസു സുധി വാത്മീകം’, ‘പുണ്യാളന്‍ അഗര്‍ബത്തീസ്’, ‘രാമന്റെ ഏദന്‍തോട്ടം’, ‘പ്രേതം’ തുടങ്ങിയ രഞ്ജിത് ശങ്കര്‍ ചിത്രങ്ങളില്‍ അജു വര്‍ഗീസ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read more: പ്ലാസ്റ്റിക്ക് ബോട്ടിലിൽ തീർത്ത ഗ്രാമം; ചിത്രങ്ങൾ

രഞ്ജിത് ശങ്കര്‍ ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സ് ആണ് ‘കമല’ എന്ന സിനിമയുടെ നിര്‍മാണം. അതേസമയം ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ‘പ്രേതം 2’ ആണ് രഞ്ജിത് ശങ്കര്‍ ഒരുക്കിയ അവസാന ചിത്രം.