‘അയിന് ആ പൈസ ഞങ്ങടെ ആരുടേം അല്ലല്ലോ’; മാതൃകയായി കുട്ടികൾ, ഹൃദ്യം ഈ കുറിപ്പ്

November 21, 2019

വഴിയിൽ വീണുകിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ലോകത്തിന് മുഴുവൻ മാതൃകയായ മൂന്ന് കുട്ടികളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പെരുമുടിയൂർ ഓറിയൻറൽ ഹൈസ്കൂളിലെ 6, 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളായ സൗരവും, നിധിനും, സുജീഷും തങ്ങൾക്ക് കിട്ടിയ പണം അടങ്ങിയ കവർ മാതാപിതാക്കളുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കൊണ്ടെത്തിക്കുകയായിരുന്നു.

ഈ കുഞ്ഞുങ്ങളുടെ നല്ല മനസിനെക്കുറിച്ച് പരാമർശിക്കുന്ന, സാമൂഹ്യ പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

“ഈ പൈസ കിട്ടിയിട്ട് നിങ്ങള് മൂന്നാളും കൂടി പൊറാട്ടയും ബീഫും കഴിക്കാത്തത് എന്തേ..? എന്ന് ഞാൻ ചോദിച്ചപ്പോ ഒരുമിച്ചായിരുന്നു 3 പേരുടെയും ഉത്തരം “അയിന് ആ പൈസ ഞങ്ങടെ ആരടേം അല്ലല്ലോന്ന്” അതെ ആ ചിന്തയാണ് അവരിലെ നന്മ. വഴി തെറ്റാവുന്ന പ്രായം, വേണമെങ്കിൽ രണ്ടു ദിവസം അവരുടെതായ രീതിയിൽ അടിച്ചു പൊളിക്കാം, പക്ഷെ…

രണ്ട് ദിവസം മുമ്പ് കൊടുമുണ്ട ഗേറ്റിന് സമീപം ചീതപ്പുറം എന്ന സ്ഥലത്ത് നിന്ന് കളിക്കാൻ പോകുമ്പോൾ വഴിയിൽ നിന്ന് വീണ് കിട്ടിയതാണ് അവർക്ക് കുറച്ച് പണമടങ്ങിയ കവർ, അവരിൽ ഒരാൾ പോലും വ്യത്യസ്തമായി ചിന്തിച്ചില്ല എന്നതാണ് ശ്രദ്ധാവഹം, രണ്ട് ദിവസം നോക്കി അവകാശികൾ വരുന്നുണ്ടോ എന്ന്, കാണാഞ്ഞപ്പോ ഒരാളുടെ രക്ഷിതാവായ എന്റെ ഒരു സുഹൃത്തിനോട് വിവരം പറയുകയും അവൻ അവരേയും കൂട്ടി സ്റ്റേഷനിലേക്ക് വരികയും ഇവിടെ ഏല്പിക്കുകയും ചെയ്തു, ആ സമയം ഞാൻ അവരോട് ചോദിച്ചതിനുള്ള ഉത്തരമാണ് ഞാനാദ്യം പറഞ്ഞത്.

പണത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലാൻ വരെ മടിയില്ലാത്ത കാലമാണ്, അതിനിടയിൽ പെരുമുടിയൂർ ഓറിയൻറൽ ഹൈസ്കൂളിലെ 6, 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളായ സൗരവും, നിധിനും, സുജീഷും ശരിക്കും 3 മാണിക്യങ്ങൾ തന്നെ. അതെ അവർ സമൂഹത്തിന് മാതൃകയാവട്ടെ നമ്മുടെ, നാട്ടിലെ ഈ “നന്മ കുഞ്ഞൻമാർ “!!

പണം നഷ്ടപ്പെട്ടവർ കൃത്യമായ തെളിവും വിവരങ്ങളുമായി സ്‌റ്റേഷനിൽ വന്നാൽ ബോധ്യമായശേഷം പൈസ തിരികെ നൽകുന്നതാണ്.

കടപ്പാട് പട്ടാമ്പി പോലീസ്, ബാബു സാർ” -ഫിറോസ് കുറിച്ചു.