പ്രണയിനിയായി മാനുഷി ഛില്ലർ; മുൻ ലോകസുന്ദരിയുടെ സിനിമാപ്രവേശനം അക്ഷയ് കുമാറിനൊപ്പം!

November 15, 2019

മുൻ ലോകസുന്ദരി മാനുഷി ഛില്ലർ സിനിമ ലോകത്തേക്ക്. അക്ഷയ് കുമാറിന്റെ നായികയായി പൃഥ്വിരാജ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.  ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതമാണ് സിനിമയാക്കുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സംയോഗിത (സംയുക്ത) എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

അതേസമയം ചിത്രത്തിൽ നായികയായി മാനുഷി ഛില്ലർ എത്തിയതിനെക്കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെയാണ്: ‘വളരെ ഭംഗിയും വേറിട്ടതുമായ ഒരു ഇന്ത്യൻ മുഖത്തിനായി ഞങ്ങൾ ഒരുപാട് പുതുമുഖങ്ങളെ ഓഡിഷൻ നടത്തി. സംയോഗിത (സംയുക്ത) വളരെ ശക്തയും പകരംവെയ്ക്കാൻ സാധിക്കാത്ത വ്യക്തിത്വത്തിന് ഉടമയുമാണ്. അങ്ങനെയുള്ള സംയോഗിതയുടെ വേഷത്തിലേക്ക് ആകർഷണീയത ഉള്ള ഒരാൾ വേണമായിരുന്നു. അങ്ങനെയാണ് മാനുഷിയിലേക്ക് ഞങ്ങൾ എത്തിയത്’. ചന്ദ്രപ്രകാശ് കൂട്ടിച്ചേർത്തു.

‘ഒരുപാട് തവണ ഓഡിഷൻ നടത്തിയതിനു ശേഷമാണ് മാനുഷിയെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തത്, മാനുഷി ആ വേഷത്തിലേക്ക് അനുയോജ്യയാണെന്നു ഞങ്ങൾക്ക് ഉറപ്പ് വരുത്തേണ്ടത് ആവശ്യമായിരുന്നു. അതിനായാണ് ഒട്ടേറെ തവണ ഓഡിഷൻ നടത്തിയത്. ഓരോ തവണയും തനിക്ക് ഇത് സാധിക്കുമെന്ന് മാനുഷി തെളിയിച്ചുകൊണ്ടേയിരുന്നു. കഴിഞ്ഞ ഒൻപതു മാസമായി ആഴ്ചയിൽ 6 ദിവസം എന്ന നിലയിൽ യാഷ് രാജ് ഫിലിംസിന്റെ കീഴിൽ മാനുഷി ഗ്രൂമിങ് നടത്തുകയായിരുന്നു.’

അതേസമയം ആദ്യചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മാനുഷിയും. തന്റെ ജീവിതം ഒരു ഫെയറി ടെയിൽ പോലെയാണെന്ന് പറയുകയാണ് ലോകസുന്ദരി. ‘മിസ് ഇന്ത്യയിൽ തുടങ്ങി മിസ് വേൾഡ് വരെ, ഇപ്പോൾ വലിയൊരു സിനിമയുടെ ഭാഗവും. ഇതുമെന്റെ ജീവിതത്തിലെ പുതിയൊരു തുടക്കമായാണ് പ്രതീക്ഷിക്കുന്നത്’- മാനുഷി പറയുന്നു.

Read More: പെയിന്റ് പണിക്ക് വന്ന ചേട്ടനോട് ഒരു പാട്ടു പാടാൻ പറഞ്ഞതാ, അമ്പരപ്പിച്ച് കളഞ്ഞു; വൈറൽ വീഡിയോ

ചിത്രത്തിൽ പൃഥ്വിരാജ് ചൗഹാന്റെ വേഷത്തിലാണ് അക്ഷയ് കുമാർ എത്തുന്നത്. അദ്ദേഹത്തിന്റെ മൂന്നു ഭാര്യമാരിൽ ഒരാളാണ് സംയോഗിത. ആ വേഷത്തിലാണ് മാനുഷി എത്തുന്നത്. മെഡിസിൻ പഠനം പൂർത്തിയാക്കിയിട്ട് സിനിമയിലേക്ക് കടക്കാൻ കാത്തിരിക്കുകയായിരുന്നു മാനുഷി ഛില്ലർ.