മൂത്തോൻ ഒരു മാജിക്കാ; ശ്രദ്ധനേടി പുതിയ ടീസർ

November 15, 2019

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് മൂത്തോൻ. നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് മലയാളികളുടെ പ്രിയതാരം ഗീതു മോഹൻദാസാണ്.  നിവിൻ പോളിക്കൊപ്പം റോഷൻ മാത്യുസും പുതുമുഖ താരം സഞ്ജനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്‌. മുംബൈയില്‍ വെച്ചു നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും ‘മൂത്തോന്‍’ നിറഞ്ഞ കൈയടി നേടിയിരുന്നു. ഗീതു മോഹന്‍ദാസാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടൊറന്റോ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ പ്രെസന്റേഷന്‍ നിരയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ‘മൂത്തോന്‍’ എന്ന ചിത്രത്തിന് ലഭിച്ചത്.

ലക്ഷദ്വീപില്‍ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിലേക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മലയാളത്തിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

Read more: തലയിൽ വാലുമായി ഒരു അപൂർവ്വ നായക്കുട്ടി; വീഡിയോ

‘മൂത്തോന്‍’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രാജീവ് രവിയാണ്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് അനുരാഗ് കശ്യപ്. ബി. അജിത്കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. അനുരാഗ് കശ്യപ്, വിനോദ് കുമാര്‍, അജയ് ജി റായ്, അലന്‍ മാക്അലക്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിരൂപക പ്രശംസ നേടിയ ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രത്തിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘മൂത്തോന്‍’.