കുഞ്ഞുങ്ങളിലെ അമിതഭാരം: അറിയാം കാരണങ്ങളും പ്രതിവിധികളും
അമിതമായി ശരീരഭാരം കൂടുന്നത് മുതിർന്നവരെ പോലെത്തന്നെ ഇപ്പോൾ കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇന്നത്തെ ജീവിത സാഹചര്യമാണ് കുട്ടികളിൽ അമിതമായി വണ്ണം വയ്ക്കാൻ കാരണമാകുന്നത്. ഇത് കുട്ടികളിൽ ഡിപ്രഷൻ പോലുള്ള അസുഖങ്ങൾക്ക് വരെ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാവാതെ ശ്രദ്ധിക്കണം. എന്നാൽ കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കാൻ ചില മാർഗങ്ങൾ നോക്കാം.
കുട്ടികളുടെ ഭക്ഷണ രീതിയിലാണ് ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ടത്. ജങ്ക് ഫുഡ് ധാരാളമായി കഴിക്കുന്ന കുട്ടികളിൽ അമിതവണ്ണത്തിന് സാധ്യത കൂടുതലാണ്. പ്രധാന ഭക്ഷണത്തിന് ഒപ്പമോ, ഭക്ഷണത്തിന് പകരമായോ പച്ചക്കറികൾ കഴിക്കുന്നത് ശീലമാക്കണം. ആഹാരത്തിന് ശേഷം പഴവർഗങ്ങൾ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. അതുപോലെ തന്നെ അരി ഭക്ഷണത്തിന് പകരം കൂടുതലും സാലഡ് കഴിക്കുന്നത് ശീലമാക്കണം.
പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കണം. അതുപോലെ പയറുവർഗങ്ങൾ, നട്സ് പോലുള്ള വസ്തുക്കളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. സോഡ, ജ്യൂസ് പോലുള്ള പാനീയങ്ങൾ കുട്ടികൾക്ക് നൽകുന്നത് ഒഴിവാക്കുക. ഇവയിലടങ്ങിയിരിക്കുന്ന അമിത അളവിലുള്ള പഞ്ചസാര കുട്ടികൾക്ക് ദോഷകരമാണ്. ആഹാരത്തിന് മുൻപ് വെള്ളം കുടിയ്ക്കുന്ന ശീലം കുട്ടികളിൽ വളർത്തിയെടുക്കണം. ആഹാരത്തിന് അരമണിക്കൂർ മുമ്പെങ്കിലും വെള്ളം കുടിച്ചിരിക്കണം. ഇത് ആഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ കുട്ടികളെ സഹായിക്കും.
ടെലിവിഷൻ, വീഡിയോ ഗെയിമുകൾ എന്നിവയ്ക്ക് മുന്നിൽ ദീർഘസമയം ചിലവഴിക്കുന്നത് അനുവദിക്കാതിരിക്കുക. മറിച്ച് കായിക ഇനങ്ങളിൽ കുട്ടികൾക്ക് കൂടുതൽ സമയം അനുവദിക്കണം. ക്രിക്കറ്റ് ഫുട്ബോൾ, തുടങ്ങിയ കളികൾക്ക് കുട്ടികളെ പ്രോത്സാഹിപ്പിക്കണം.സ്കൂളുകളിലേക്ക് നടന്നോ സൈക്കിളിലോ പോകുന്ന കുട്ടികൾക്ക് അമിത വണ്ണം ഉണ്ടാകാൻ സാധ്യത താരതമ്യേന കുറവാണ്. യോഗ, നീന്തൽ, ഡാൻസ് തുടങ്ങിയ ശീലങ്ങളും ചെറുപ്പം മുതലേ കുട്ടികളിൽ വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.