‘നട നട നടയോ…’ കിടിലന്‍ താളത്തില്‍ ‘ഹാപ്പി സര്‍ദാര്‍’-ലെ കല്യാണപ്പാട്ട്: വീഡിയോ
താളാത്മകമായ ഗാനങ്ങളോട് എക്കാലത്തും പ്രേക്ഷകര്‍ക്ക് ഒരല്പം ഇഷ്ടം കൂടുതലുണ്ട്. കാലാന്തരങ്ങള്‍ക്കുമപ്പുറം പാട്ട് പ്രേമികള്‍ ഇത്തരം ചില ഗാനങ്ങള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. ഇപ്പാഴിതാ ഗാനസ്വാദകര്ക്കിടയില് ശ്രദ്ധ നേടുകയാണ് മനോഹരമായൊരു കല്യാണപ്പാട്ട്. ‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്ക്കുന്നു. വിവാഹാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കലാഭവന്‍ ജോഷി, സുധീഷ് കുമാര്‍, സച്ചിന് രാജ്, കൃഷ്ണജിത്ത്, ഉദയ് രാമചന്ദ്രന്, ദിവ്യ എസ് മേനോന്, മിഥുന് ജയരാജ്, അഭയ ഹിരണ്മയി എന്നിങ്ങനെ എട്ട് പേര് ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഹാപ്പി സര്‍ദാര്‍’. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദമ്പതിമാരായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കോമഡി എന്റര്ടെയ്നര് വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം. കുടുംബ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നതും. മെറിന് ഫിലിപ്പാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.
ക്നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. അച്ചിച്ചാ ഫിലിംസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, ജോഷ്വിന് ജോയ്, ശ്വേത കാര്‍ത്തിക് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം. സിദ്ദിഖ്, ജാവേദ് ജഫ്രി, ഷറഫുദ്ദീന്, ബാലു വര്‍ഗീസ്, ശ്രീനാഥ് ഭാസി, സിനില്‍ സൈനുദ്ദീന്‍, ദിനേശ് മോഹന്‍, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാര്‍വതി, അഖില ചിപ്പി, സിതാര, രശ്മി അനില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.