മനുഷ്യര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ‘സൂര്യന്റെ പുതിയ മുഖം’; ചരിത്രം കുറിച്ച് പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌

November 20, 2019

ഭൂമിയിലെ കാഴ്ചകളെക്കാള്‍ പലപ്പോഴും മുഷ്യരില്‍ കൗതുകം നിറയ്ക്കുന്നത് ആകാശക്കാഴ്ചകളാണ്. ഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ആകാശക്കാഴ്ചകള്‍ മനുഷ്യരിലേക്കെത്തുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് പലപ്പോഴും ഇത്തരം ചില കാഴ്ചകള്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് അനുഭവവേദ്യമാക്കുന്നതും. ഇപ്പോഴിതാ മനുഷ്യര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സൂര്യന്റെ പുതിയ മുഖം കാണിച്ചു തരികയാണ് നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്.

സൂര്യന്റെ ഏറ്റവും അടുത്തായി എത്തുന്ന മനുഷ്യനിര്‍മിത വസ്തുവെന്ന നേട്ടവും ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു തവണ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പരമാവധി സൂര്യന്റെ അടുത്തേക്ക് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

Read more: കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സൗരപേടകമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സൂര്യനെക്കുറിച്ച് പുതിയ അറിവുകളാണ് ഈ സൗരപേടകം ശാസ്ത്രലോകത്തിന് നല്‍കുന്നതും. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണം. സൂര്യന്റെ വൈദ്യുത കാന്തിക മണ്ഡലം, സൂര്യന്റെ പുറം ഭാഗമായ കൊറോണ, സൗരകാറ്റുകള്‍ തുടങ്ങിയവയെക്കുറിച്ചൊക്കെയുള്ള വിവരങ്ങളാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശേഖരിക്കുന്നത്.

അതേസമയം ഇതിനോടകംതന്നെ രണ്ട് തവണ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ ഏറ്റവും അടുത്തായി എത്തിയിട്ടുണ്ട്. 2018 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 12 വരെയും 2019 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 19 വരെയുമുള്ള കാലയളവിലാണ് ഈ സൗരപേടകം സൂര്യന്റെ സമീപത്ത് എത്തിയത്. 2020 ജനുവരി 29 നാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യന്റെ ഏറ്റവും അടുത്തായി എത്തുക.