‘എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ അവളാണ്’ സുപ്രിയയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകളുമായി പൃഥ്വിരാജ്: വീഡിയോ

November 18, 2019

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും ഭാര്യ സുപ്രിയയും. ഇരുവരുടേയും വിശേഷങ്ങള്‍ പലപ്പോഴും സൈബര്‍ലോകത്ത് വാര്‍ത്തയാകാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ. പഴയ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് സുപ്രിയയെക്കുറിച്ച് പറയുന്ന മനോഹരമായ വാക്കുകളാണ് ഈ വീഡിയോയില്‍.

‘ഞാന്‍ അധികം സുഹൃത്തുക്കളുള്ള ഒരാളല്ല. സുപ്രിയയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്റെ സ്വകാര്യ ജീവിതത്തിലേക്ക് പ്രവേശനമുള്ള ഏക വ്യക്തിയും അവളാണ്. എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരോയൊരാളും സുപ്രിയയാണ്.’ പൃഥ്വിരാജിന്റെ ഈ വാക്കുകളടങ്ങിയ വീഡിയോയാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

Read more:‘എന്താ ഭാവം…!’; വേദിയിലെ കുരുന്നുകളുടെ ഡാന്‍സിനൊപ്പം കുട്ടിടീച്ചറുടെ ഭാവപ്രകടനം: വൈറല്‍ വീഡിയോ

അതേസമയം പൃഥ്വിരാജ് നായകനായെത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം അണിയറയില്‍ ഒരുക്കത്തിലാണ്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. സച്ചിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രമായെത്തുന്നു.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തിലെ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘അനാര്‍ക്കലി’ എന്ന ചിത്രത്തിന് ശേഷം സച്ചി ബിജു മേനോന്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.