ലാല്‍ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്: വീഡിയോ

November 13, 2019

ബിജു മേനോനെയും നിമിഷ സജയനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ‘നാല്‍പത്തിയൊന്ന്’ എന്ന ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നു. അതേസമയം ഈ ചിത്രത്തിന് ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തും. താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നാല്‍പത്തിയൊന്ന് ‘എന്ന ചിത്രത്തിന്റെ വിജയം, പൃഥ്വിരാജ് നായകനായെത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ച് ആഘോഷിച്ചിരുന്നു.

ഈ ആഘോഷത്തിനിടെയാണ് ലാല്‍ ജോസുമൊത്തുള്ള തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. ‘നാല്‍പത്തിയൊന്ന്’ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ പ്രഗീഷ് ആണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുക. ഷൂട്ടിങ് തിരക്കുമൂലം ‘നാല്‍പത്തിയൊന്ന്’ തിയേറ്ററില്‍പോയി കാണാന്‍ സാധിച്ചില്ലെന്നു പറഞ്ഞ പൃഥ്വിരാജ് ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേര്‍ന്നു. ലാല്‍ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Read more:ബീച്ചില്‍ നിറയെ മഞ്ഞ് മുട്ടകള്‍; അത്ഭുത പ്രതിഭാസമെന്ന് സഞ്ചാരികള്‍: വീഡിയോ

അതേസമയം പൃഥ്വിരാജ് നായകനായെത്തുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. സച്ചിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛന്‍ കഥാപാത്രമായെത്തുന്നു.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തിലെ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘അനാര്‍ക്കലി’ എന്ന ചിത്രത്തിന് ശേഷം സച്ചി- ബിജു മേനോന്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.