‘പ്രതി പൂവന്‍കോഴി’ നിങ്ങളുദ്ദേശിച്ച കഥയല്ലെന്ന് സംവിധായകന്
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ഉണ്ണി ആര് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു. അതേസമയംഉണ്ണി ആറിന്റെ പ്രശസ്തമായ ‘പ്രതി പൂവന്‍കോഴി’ എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് പുതിയ ചിത്രമെന്ന് ചില വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നോവലുമായി ഈ സിനിമയ്ക്ക് ബന്ധമൊന്നും ഇല്ലെന്നാണ് സംവിധായകന് റോഷന് ആന്‍ഡ്രൂസ് പറയുന്നത്.
ചിത്രത്തിന് ‘പ്രതി പൂവന്‍കോഴി’ എന്ന പേര് വന്നതെങ്ങനെയാണെന്നും സംവിധായകന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പില്‍ വ്യക്തമാക്കുന്നുണ്ട്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം.
ചിത്രത്തെക്കുറിച്ച് റോഷന് ആന്‍ഡ്രൂസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
വളരെ യാദൃശ്ചികമായാണ് ഞാന്‍ പ്രതി പൂവന്‍കോഴി എന്ന സിനിമയുടെ കഥ കേള്‍ക്കുന്നത്. ഞാനും ഉണ്ണി ആറും ഒന്നിക്കുന്ന ഡീഗോ ഗാര്‍സ്യ എന്ന സിനിമയുടെ പ്രാരംഭ ചര്‍ച്ചകള്‍ക്കിടയിലാണ് ഉണ്ണി ആര് എന്നോട് ഒരു കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ത്തന്നെ ഞാന്‍ ഇത് ചെയ്യുന്നു എന്ന് തീരുമാനിച്ചു. പക്ഷേ മറ്റ് ചില കമ്മിറ്റ്മെന്റ്സ് ഉള്ളതുകൊണ്ട് ഒന്നും പറയാതെ ഞങ്ങള്‍ പിരിഞ്ഞു. ഈ കഥ ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു. അവള് കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് പറഞ്ഞു, നിങ്ങള്‍ ഉടന്‍ ഈ പടം ചെയ്യണം. ഞാന്‍ ചോദിച്ചു, അതെന്താ? ഈ കഥ ഞങ്ങളുടേതായതു കൊണ്ട്. അപ്പോള്‍ത്തന്നെ പുള്ളിക്കാരനെ വിളിച്ച് ഞാന്‍ പറഞ്ഞു, നമുക്കിത് ഉടന്‍ ചെയ്യാമെന്ന്.
പടത്തിന് എന്ത് പേരിടണമെന്ന് ഒരു തീരുമാനം അപ്പോഴും ഉണ്ടായില്ല. ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി എന്ന ടൈറ്റിലും നോവലും എനിക്കിഷ്ടമാണ്. ഞാന്‍ ചോദിച്ചു, ഈ ടൈറ്റില്‍ എടുക്കട്ടെ എന്ന്? പുള്ളിക്കാരന് കുറച്ച് നേരം ആലോചിച്ച്, താടിയിലൊക്കെ പിടിച്ചിട്ട് ചോദിച്ചു, നിര്‍ബന്ധമാണോ? നിര്‍ബ്ബന്ധമാണ് ഞാന്‍ പറഞ്ഞു. വായനക്കാരെ തെറ്റിദ്ധരിപ്പിക്കും പോലെ ആകില്ലേ? ഞാന്‍ അവരോട് സിനിമ ഇറങ്ങും മുമ്പ് സത്യം പറഞ്ഞോളാം പോരേ? പുള്ളി തലയാട്ടി. അതുകൊണ്ട് ആ നോവലല്ല ഈ സിനിമ ഇത് മറ്റൊരു കഥയാണ്.