ഉള്ളു പൊള്ളി വെന്ത തമാശക്കഥയുമായി ‘വെള്ളേപ്പം’-ഫസ്റ്റ് ലുക്ക് പോസ്റ്റർ

November 17, 2019

അക്ഷയ് രാധാകൃഷ്ണനും നൂറിന് ഷെരീഫും ഒന്നിക്കുന്ന ‘വെള്ളേപ്പം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ‘പതിനെട്ടാംപടി’ എന്ന സിനിമയിലെ അയ്യപ്പൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് അക്ഷയ് രാധാകൃഷ്ണൻ. ‘ഒരു അഡാർ ലവി’നു ശേഷം നൂറിൻ  നായികയാകുകയാണ് ‘വെള്ളേപ്പ’ത്തിലൂടെ.

സിനിമ രംഗത്ത് സജീവ സാന്നിധ്യമായ പ്രവീൺ രാജ് പൂക്കാടനാണ് സംവിധായകൻ. സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ ജീവൻ ലാൽ ആണ്. തൃശൂർ നഗരവാസികളുടെ പ്രഭാത ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് വെള്ളേപ്പം. ആ വെള്ളേപ്പത്തിനെ ചുറ്റിപ്പറ്റിയുള്ള സിനിമയാണിത്.

റൊമാന്റിക് കോമഡി ആയാണ് ‘വെള്ളേപ്പം’ ഒരുങ്ങുന്നത്. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിദ്ധ്യവുമാണ് ‘വെള്ളേപ്പ’ത്തിന്റെ സംവിധായകനായ പ്രവീൺ രാജ് പൂക്കാടൻ. ‘സോൾട്ട് ആൻഡ് പെപ്പെർ’, ‘പട്ടാഭിരാമൻ’ തുടങ്ങിയ സിനിമകൾക്ക് പിന്നാലെ ഭക്ഷണത്തിൽ വിരിഞ്ഞ കഥയുമായി എത്തുകയാണ് ‘വെള്ളേപ്പ’വും.

Read More:‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനെ’ നിർമിച്ച കഥ പങ്കുവെച്ച് സംവിധായകൻ

‘വെള്ളേപ്പ’ത്തിന്റെ ടാഗ് ലൈനും രസകരമാണ്. ‘ഉള്ളു പൊള്ളി വെന്ത ഒരു തമാശകഥ’ എന്നാണ് ടാഗ്‌ലൈൻ. നവംബർ പതിനേഴിനായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് .സംഗീതം നിർവഹിച്ചിരിക്കുന്നത് ലീല എൽ ഗിരീഷ്ക്കുട്ടൻ ആണ്. ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ വിതരണം സംവിധായകനും നിർമ്മാതാവുമായ ബി. ഉണ്ണികൃഷ്ണന്റെ ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ആർ.ഡി ഇല്ലൂമിനേഷൻസാണ്.