വിജയ് സേതുപതി ഇരട്ടവേഷത്തിൽ; ‘സങ്കതമിഴൻ’ തിയേറ്ററുകളിലേക്ക്

November 13, 2019

തമിഴകത്തിന്റെ പ്രിയതാരമാണ് വിജയ് സേതുപതി. ഇപ്പോൾ ‘സങ്കതമിഴൻ’ എന്ന സേതുപതി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമയിൽ ഇരട്ടവേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമയെത്തുന്നത്. രണ്ടുനായികമാരും ചിത്രത്തിലുണ്ട്. റാഷി ഖന്നയും നിവേദ പെത്തുരാജുമാണ് നായികമാർ. വിജയ് സേതുപതി ആദ്യമായി ഇരട്ടവേഷത്തിൽ എത്തുന്നുവെന്നതാണ് സിനിമയുടെ പ്രധാന ആകർഷണീയതയും.

വിജയ് ചന്ദർ ആണ് സംവിധാനം. ‘വാലു’, ‘സ്കെച്ച്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് വിജയ് ചന്ദർ. രചന നിർവഹിക്കുന്നതും വിജയ് തന്നെയാണ്. അനൽ അരസ് ആണ് സംഘട്ടനം. ആര്‍ വേല്‍രാജാണ് ഛായാഗ്രാഹകന്‍. വിവേക് – മെര്‍വിന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നവംബർ 15 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

ഒരുപാട് പ്രയത്നത്തിലൂടെയാണ് വിജയ് സേതുപതി സിനിമ ലോകത്തേക്ക് എത്തുന്നത്. തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയാണ് സിനിമയിൽ എത്തുന്നത്. തമിഴ് സിനിമ ലോകത്തെ പല പ്രമുഖ നടന്മാരുടെയും ഒപ്പം പിന്നണിയിൽ ഡയലോഗ് പോലും ഇല്ലാതെ നിന്ന വിജയ് സേതുപതി ഒരുപാട് വർഷം കൊണ്ടാണ് തമിഴ് സിനിമയുടെ പ്രധാന നടന്മാരിൽ ഒരാളായി മാറിയത്.

Read More :പെണ്ണഴകിൽ മമ്മൂട്ടി- മാമാങ്കത്തിലെ സ്ത്രീ വേഷം ഏറ്റെടുത്ത് ആരാധകർ

അടുത്തിടെ അന്താരാഷ്ട്ര പുരസ്കാരവും സേതുപതി സ്വന്തമാക്കി. മെൽബൺ അന്താരാഷ്ട്ര പുരസ്‌കാര മേളയിൽ മികച്ച നടനായാണ് വിജയ് സേതുപതി തിരഞ്ഞെടുക്കപ്പെട്ടത്.  സൂപ്പർ ഡീലക്സിലെ വേഷത്തിനാണ് വിജയ് സേതുപതി പുരസ്‌കാരം നേടിയത്.  ചിത്രത്തിൽ ഒരു ഭിന്നലിംഗക്കാരന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തിയിരുന്നത്. രൺവീർ സിങ്, ആയുഷ്മാൻ ഖുറാന, അമിതാഭ് ബച്ചൻ, തുടങ്ങിയവരെയൊക്കെ പിന്തള്ളിയായിരുന്നു വിജയ് സേതുപതി അന്താരാഷ്ട്ര വേദിയിൽ തിളങ്ങിയത്.

ഇമേജ് ഭയം ഇല്ലാത്ത നടൻ കൂടിയാണ് വിജയ് സേതുപതി. അതുകൊണ്ടുതന്നെ നായകനായി തിളങ്ങി നില്‍ക്കുമ്പോഴും
വില്ലൻ വേഷത്തിലും സഹനടനായുമൊക്കെ വിജയ് സേതുപതി എത്താറുണ്ട്. തെലുങ്കിൽ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള വിജയ് സേതുപതി അടുത്തിടെയാണ് സൈറ നരസിംഹ റെഡ്‌ഡിയിൽ ചിരഞ്ജീവിക്കൊപ്പം സഹനടനായി എത്തിയത്. രജനികാന്തിന്റെ പേട്ടയിലും മണിരത്നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനത്തിലും വിജയ് സേതുപതി വില്ലൻ വേഷത്തിൽ എത്തിയിരുന്നു. അതേസമംയം അല്ലു അർജുന്റെ വില്ലനാകാൻ കൂടി തയാറെടുക്കുകയാണ് വിജയ് സേതുപതി. അല്ലു അർജുന്റെ ഇരുപതാമത്തെ ചിത്രത്തിലാണ് വിജയ് സേതുപതി വില്ലനായി എത്തുന്നത്.