അന്യന്‍, ലാലേട്ടന്‍ ചെയ്തിരുന്നുവെങ്കില്‍ വേറെ ലെവല്‍ ആയേനെയെന്ന് വിക്രമിന്റെ ഭാര്യ; കഥപറഞ്ഞ് താരം, ഒപ്പം മകനും: വീഡിയോ

November 7, 2019

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ചിയാന്‍ വിക്രം. പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട് താരം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ വിക്രം അവതരിപ്പിക്കുന്നു. വിക്രമിന്റെ സ്‌നേഹാര്‍ദ്രമായ സംസാരശൈലിയും പലപ്പോഴും പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കാറുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ ചിയാന്‍ വിക്രം നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയാണ് ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുന്നത്. മകന്‍ ധ്രുവ് വിക്രം നായകനായെത്തുന്ന ‘ആദിത്യ വര്‍മ്മ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് താരം തിരുവനന്തപുരത്തെത്തിയത്.

വാര്‍ത്താസമ്മേളനത്തില്‍ ഭാര്യയുടെ മോഹന്‍ലാല്‍ ആരാധനയെക്കുറിച്ചും താരം വാചാലനായി. ‘എന്റെ ഭാര്യ ലാലേട്ടന്റെ ഭയങ്കര ഫാനാണ്. നിങ്ങളുണ്ടാക്കുന്ന ശബ്ദത്തേക്കള്‍ വലിയ ശബ്ദമാണ് ലാലേട്ടന്റെ പേരുകേട്ടാല്‍ ഭാര്യ ഉണ്ടാക്കുക. ഞാന്‍ ഏത് സിനിമയില്‍ അഭിനയിച്ചാലും ലാലേട്ടന്റെ അത്രയും ശരിയായിട്ടില്ലെന്ന് ഭാര്യ പറയും. അനന്യന്‍ ഞാന്‍ നന്നായിചെയ്തുവെങ്കിലും ലാലേട്ടനാണെങ്കില്‍ അത് വേറെ ലെവലായേനെ എന്നാണ് ഭാര്യപറഞ്ഞത്’ വിക്രം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read more:അന്ന ബെന്‍ നായികയായി ‘ഹെലെന്‍’; ഈ മാസം തിയേറ്ററുകളിലേക്ക്

മകന്‍ ധ്രുവ് വിക്രവും ‘ആദിത്യ വര്‍മ്മ’യിലെ നായിക പ്രിയ ആനന്ദും വാര്‍ത്താസമ്മേളനത്തില്‍ വിക്രത്തിനൊപ്പമുണ്ടായിരുന്നു. ‘ആദിത്യ വര്‍മ്മ’ നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം സിനിമാ തിരക്കുകള്‍ മാറ്റിവെച്ചാണ് വിക്രം തന്റെ സിനിമയുടെ പ്രൊമോഷനുവേണ്ടി വന്നതെന്ന് ധ്രുവ് വിക്രം പറഞ്ഞു. അച്ഛന്‍ കാരണമാണ് താനിവിടെ നില്‍ക്കുന്നതെന്നും കിട്ടിയ അവസരം ഒരിക്കലും ദുരൂപയോഗം ചെയ്യില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് ചിത്രം ‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ തമിഴ് റീമേക്കാണ് ‘ആദിത്യ വര്‍മ്മ’. ‘കബീര്‍ സിങ്’ എന്ന പേരില്‍ ‘അര്‍ജ്ജുന്‍ റെഡ്ഡി’ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്തിരുന്നു.