‘ലോകം അവസാനിക്കാൻ പോകുന്നതായി തോന്നി’ – ഇംഗ്ലണ്ട് പര്യടനത്തിൽ അനുഭവിച്ച മാനസിക സമ്മർദ്ദത്തെക്കുറിച്ച് വിരാട് കോലി

November 14, 2019

കരിയറിൽ വിജയം മാത്രം രുചിച്ച ഒരാളല്ല താൻ എന്ന് തുറന്നു പറയുകയാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി. മാനസികമായി ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് വിരാട് പറയുന്നു. ബംഗ്ലാദേശിന് എതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു മുൻപ് നടത്തിയ പത്രസമ്മേളനത്തിലാണ് വിരാട് കോലി മനസ് തുറന്നത്. പകച്ചു പോയ ആ സാഹചര്യത്തെ കുറിച്ച് വിരാട് പറയുന്നതിങ്ങനെ;

‘ഇംഗ്ലണ്ട് പര്യടനം നടക്കുന്ന 2014 ൽ മാനസികമായി ഒരുപാട് പിരിമുറുക്കത്തിൽ ആയിരുന്നു. ലോകം തന്നെ അവസാനിക്കാൻ പോകുന്നതായി തോന്നി. എനിക്ക് എന്താണ് സംസാരിക്കേണ്ടതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ അറിയില്ലായിരുന്നു. അത്രക്ക് മാനസിക സമ്മർദ്ദം അനുഭവിച്ചു. പക്ഷെ എന്റെ ഉള്ളിലെ പ്രതിസന്ധി മറ്റുള്ളവരെ അറിയിക്കാൻ പോലും പറ്റില്ലായിരുന്നു, കളിയിൽ നിന്നും വിട്ടു നിൽക്കാനും സാധിച്ചില്ല. കാരണം മറ്റുള്ളവർ അതെങ്ങനെ സ്വീകരിക്കുമെന്ന് അറിയില്ലായിരുന്നു’.

ഓസിസ് താരം ഗ്ലെൻ മാക്‌സ്‌വെൽ മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇടവേളയെടുത്തിരുന്നു. ആ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്‌തു വിരാട് കോലി. ‘ഗ്ലെന്നിന്റേത് മികച്ച തീരുമാനമായിരുന്നു. ക്രിക്കറ്റ് താരങ്ങൾക്ക് എല്ലാം അനുകരിക്കാവുന്ന ഒരു നല്ല മാതൃകയാണിത്. മാനസിക സമ്മർദ്ദം അകറ്റാൻ പരമാവധി ശ്രമിക്കുക. ശ്രമിച്ചുകൊണ്ടേയിരിക്കുക. പക്ഷെ മനുഷ്യൻ എന്ന നിലക്ക് ഈ സമ്മർദ്ദം അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ തീർച്ചയായും കളിക്കളത്തിൽ നിന്നും ഇടവേളയെടുക്കണം’ – വിരാട് പറയുന്നു. തന്റെ ഓർഡിനറി പ്രകടനമാണ് വിരാടിനെ സമ്മർദ്ദത്തിൽ ആക്കിയത്.

Read More : മമ്മൂട്ടിയുടെ പെൺവേഷത്തിനു പിന്നാലെ ‘ക്രോസ്സ് ഡ്രസിങ് ചലഞ്ചു’മായി നീരജ് മാധവ്

അതെ സമയം , ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയ്ക്ക്  ഇൻഡോറിൽ തുടക്കമായി. ടോസ് ലഭിച്ച ബംഗ്ലാദേശ് ബാറ്റിംഗ് ആണ് തിരഞ്ഞെടുത്തത്. 20-ട്വന്റി പരമ്പരയിൽ പങ്കെടുക്കാതെ ഇടവേളയെടുത്ത വിരാട് കോലി ടെസ്റ്റിലൂടെ തിരിച്ചു വരുന്നത് ബംഗ്ലാദേശിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിലവിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് പരമ്പരയിലും ടെസ്റ്റ് ചാംപ്യൻഷിപ്പ് നിലനിർത്താൻ ആണ് ഇന്ത്യയുടെ ലക്ഷ്യം.