പൗരത്വ നിയമഭേദഗതി; രാജ്യത്ത് പ്രതിഷേധം കനക്കുന്നു
December 21, 2019
പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുന്നു. പലയിടത്തും പ്രതിഷേധം അക്രമാസക്തമാകുന്നുണ്ട്. കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. അതേസമയം രാജ്യതലസ്ഥാനം ഇന്നും അതീവ ജാഗ്രതയിലാണ്.
രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധത്തിന്റെ അലയൊലികള്‍ കേരളത്തിലും പ്രതിഫലിക്കുന്നു. രാജ്ഭവന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മുന്നില്‍ രാഷ്ട്രീയ സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രതിഷേധം നടത്തുകയാണ്.
പ്രതിഷേധം ശക്തമാകുന്നതിനെ തുടര്‍ന്ന് മധ്യപ്രദേശല്‍ 50 ജില്ലകളില്‍ നിരോധനാജ്ഞയുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഉത്തര്‍പ്രദേശിലെ പ്രതിഷേധത്തില്‍ 11 പേര്‍ മരണപ്പെട്ടു.