അത്ഭുതപ്പെടുത്തി ലിറ്റില്‍ സൂപ്പര്‍ ഹീറോ മാസ്റ്റര്‍ അച്യുതന്‍: വീഡിയോ

December 19, 2019

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രദര്‍ശനം തുടരുകയാണ് ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’. മമ്മൂട്ടി നായകനായെത്തുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് എം പദ്മകുമാറാണ്. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ പുതിയ പ്രൊമോ സോങ്. മാസ്റ്റര്‍ അച്യുതനും ഉണ്ണി മുകുന്ദനുമാണ് പ്രൊമോ ഗാനത്തിലെ പ്രധാന ആകര്‍ഷണം. ‘ലിറ്റില്‍ സൂപ്പര്‍ ഹീറോ അച്യുതന്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് ഈ ഗാനം മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

മാമാങ്കത്തിലെ മാസ്റ്റര്‍ അച്യുതന്റെ പ്രകടനം തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ വരവേറ്റത്. ചന്ദ്രോത്ത് പണിക്കര്‍ എന്ന ഉണ്ണി മുകുന്ദന്റെ കഥാപാത്രവും ശ്രദ്ധ നേടുന്നു. പ്രാചി തെഹ്ലാന്‍ അണ് ചിത്രത്തിലെ നായിക കഥാപാത്രം. അനു സിത്താര, ഇനിയ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Read more: ഹൃദയത്തിലേക്ക് പെയ്തിറങ്ങി ‘ഛപാക്’-ലെ ഗാനം: വീഡിയോ

ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരിക്കിയിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’.