ദുല്‍ഖറിന്റെ സിനിമയുടെ ലൊക്കേഷനില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് എന്‍ട്രി

December 26, 2019

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സര്‍പ്രൈസ് വിസ്റ്റ് നടത്തിയിരിക്കുകയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. അനൂപ് സത്യനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ദുല്‍ഖറിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്‌റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഹ്യൂമറിന് പ്രാധന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന കുടുംബ ചിത്രമാണ് ഇതെന്നാണ് സൂചന.

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2015 ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷം തന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള ചലച്ചിത്രരംഗത്തേയ്ക്ക് മടങ്ങിയെത്തുകയാണ് പുതിയ ചിത്രത്തിലൂടെ. 2016ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം. 2005 ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴിന് പുറമെ ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.