‘എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്’; 2019-ന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സുപ്രിയ

December 30, 2019

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം പലപ്പോഴും അവരുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലും വാര്‍ത്തകളിലുമൊക്കെ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട് പൃഥ്വിരാജിന്റെ ചില കുടുംബ വിശേഷങ്ങള്‍. താരത്തിന്റെ ഭാര്യ സുപ്രിയ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. പൃഥ്വിരാജിന്റെ ചലച്ചിത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം സുപ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് പൃഥ്വിരാജും കുടുംബവും. 2019 വര്‍ഷത്തെ ചില മനോഹരമായ നിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് സുപ്രിയ മേനോന്‍. പോയ വര്‍ഷത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മനോഹരമായ ഒരു കുറിപ്പും സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

‘എന്തൊരു വര്‍ഷമായിരുന്നു ഞങ്ങള്‍ക്കിത്. നയനില്‍ തുടങ്ങി. പിന്നെ ലൂസിഫര്‍ പുറത്തിറക്കി. ഇപ്പോഴിതാ ഡ്രൈവിങ് ലൈസന്‍സില്‍ ഈ വര്‍ഷം അവസാനിപ്പിക്കുകയാണ്. ഈ യാത്രയില്‍ സ്നേഹവും പിന്തുണയുമായി നിങ്ങള്‍ ഞങ്ങള്‍ക്ക് ഒപ്പം നിന്നു. ഒരുപാട് സ്‌നേഹം. എല്ലാവര്‍ക്കും നല്ല അവധിക്കാലം ആശംസിക്കുന്നു. അടുത്ത വര്‍ഷം കാണാം.’ സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സുപ്രിയ കുറിച്ചതുപോലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായും സംവിധായകനായും നിര്‍മാതാവായും തിളങ്ങിയ വര്‍ഷമാണ് 2019. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭമായിരുന്നു ‘നയന്‍’. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വഹിച്ച ‘ലൂസിഫര്‍’ എന്ന ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം നേടി. കലാഭവന്‍ ഷാജോണ്‍ സംവിധാനം നിര്‍വഹിച്ച ‘ബ്രദേഴ്‌സ് ഡേ’, ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പതിനെട്ടാം പടി’, ജീന്‍പോള്‍ ലാല്‍ സംവിധാനം നിര്‍വഹിച്ച ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജ് അഭിനയിച്ചു. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ‘ഡ്രൈവിങ് ലൈസന്‍സ്’ എന്ന ചിത്രം.