കടൽക്കരയിൽ നൃത്തച്ചുവടുകളുമായി അഹാന; വൈറലായി വീഡിയോ

January 13, 2020

കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് അഹാന കൃഷ്ണകുമാർ. നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അഭിനയത്തിന് പുറമെ പാട്ടിലും നൃത്തത്തിലുമെല്ലാം മികവ് തെളിയിച്ച താരം കൂടിയാണ് അഹാന. ഇപ്പോഴിതാ കടൽ തീരത്ത് നൃത്തചുടവുകൾ വയ്ക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിലാണ് താരം ഡാൻസ് ചെയ്യുന്നത്.

‘ലൂക്ക’യാണ് അഹാന നായികയായി വെള്ളിത്തിരയിൽ അവസാനം എത്തിയ ചിത്രം. ചിത്രത്തിൽ ടൊവിനോ തോമസിന്റെ നായികയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ‘ലൂക്ക’. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നിഖില്‍ വേണു എഡിറ്റിങും നിര്‍വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു.