അന്തിക്കാട് നിന്നും വീണ്ടുമൊരു സംവിധായകൻ; ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
മലയാള സിനിമയ്ക്ക് ഗൃഹാതുരത്വം നിറഞ്ഞ ഒട്ടേറെ സിനിമകളും മായാത്ത കഥാപാത്രങ്ങളും സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. അച്ഛന്റെ ചുവടുപിടിച്ച് മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. അനൂപ് സത്യന് പിന്നാലെ അഖിൽ സത്യനും സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നായികയായെത്തുന്നത് അഞ്ജന ജയപ്രകാശ് ആണ്. ‘ധ്രുവങ്കൾ പതിനാറ്’, ‘കുമ്പസാരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് അഞ്ജന, മാത്രമല്ല, ജയലളിതയുടെ ജീവിതവുമായി ഗൗതം മേനോൻ ഒരുക്കിയ വെബ് സീരിസായ ‘ക്വീനി’ൽ ജയലളിതയുടെ യൗവനം അവതരിപ്പിച്ചത് അഞ്ജനയാണ്.
ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് ചിത്രം നിർമിക്കുന്നത്. ‘ജോമോന്റെ സുവിശേഷങ്ങൾ’, ‘ഞാൻ പ്രകാശൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫുൾ മൂൺ സിനിമ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
കൊച്ചിയും മുംബൈയും ഗോവയും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്റെ തിരക്കഥയും അഖിൽ സത്യൻ തന്നെയാണ്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അതേസമയം, അനൂപ് സത്യൻ ഒരുക്കുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.