കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 80, കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ
കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഇതോടെ ചൈനയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയർന്നു. കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ വിവിധ നഗരങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹുബെയില്‍ മാത്രമായി കൊറോണ വൈറസ് മൂലം മരണപ്പെട്ടവരുടെ എണ്ണം 24 ആണ്. ഹുബെയിലെ വിവിധ ഇടങ്ങളിലായി 769 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ചൈനയ്ക്ക് പുറമെ അമേരിക്കയിലും തായ്വാനിലും രോഗം സ്ഥിരീകരിച്ചു. 26 സംസ്ഥാനങ്ങളിലായി നൂറിലേറെപ്പേര്‍ കര്‍ശന നിരീക്ഷണത്തിലാണ്. വൈറസ് ഭീതിയെത്തുടര്‍ന്ന് സംസ്ഥാനത്ത് 288 പേര് നിരീക്ഷണത്തിലുണ്ട്.
പൊതുവെ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസുകളാണ് കൊറോണ വൈറസ്. വളരെ വിരളമായി മാത്രം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇത്തരം വൈറസുകള്‍ സൂനോട്ടിക് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ശ്വസന സംവിധാനങ്ങളെയാണ് ഇത് പൊതുവെ ബാധിക്കുന്നത്. ഇത് സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്ക് കാരണമാകും.
പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.