വിമാനത്തിലും തലൈവർ; വൈറലായി ദർബാർ ഫ്ലൈറ്റ്, ചിത്രങ്ങൾ

January 2, 2020

തമിഴകത്ത് ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ദർബാർ. ജനുവരി 9 -ന് ചിത്രം തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പ്രമോഷൻ രീതികളാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. രജനികാന്തിന്റെ ചിത്രം പതിപ്പിച്ച വിമാനമാണ് ആരാധകർക്ക് അത്ഭുതമാകുന്നത്. ‘ദർബാർ ഫ്ലൈറ്റ്’ എന്ന് വിമാനത്തിന് പേരും ഇട്ടുകഴിഞ്ഞു ആരാധകർ. മുൻപ് രജനികാന്തിന്റെ ‘കബാലി’ എന്ന ചിത്രത്തിന് വേണ്ടിയും ഇത്തരത്തിൽ പ്രമോഷൻ ഒരുക്കിയിരുന്നു.

തമിഴകത്തും മലയാളക്കരയിലും ഒരുപോലെ ആരാധകരുള്ള താരമാണ് സ്റ്റൈൽ മന്നൻ രജനികാന്ത്.  താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിനൊപ്പം നയൻതാര കൂടി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയുടേതായി പുറത്തുവന്ന ചിത്രങ്ങൾക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി നിർവഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റേതായി പുറത്തുവന്ന ‘ചുമ്മാ കിഴി…’എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.