സ്റ്റൈല്‍ മന്നനായി രജനികാന്ത്; കൈയടി നേടി ‘ചുമ്മ കിഴി’ ഗാനം: വീഡിയോ
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ സ്റ്റൈല്‍ മന്നന് രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ദര്‍ബാര്‍’. എ ആര് മുരുഗദോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ആരാധകര്‍ കാത്തിരുന്ന ചിത്രത്തിലെ ചുമ്മ കിഴി ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വിവേകിന്റേതാണ് ഗാനത്തിലെ വരികള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എസ് പി ബാലസുബ്രഹ്മണ്യമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ആലാപനം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും.
ഒരു പോലീസുകാരനായിട്ടാണ് സ്റ്റൈല്‍ മന്നന് ‘ദര്‍ബാറി’ലെത്തുന്നത്. 1992-ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്’ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പോലീസ് വേഷത്തിലെത്തിയത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ദര്‍ബാറിന്റെ മുഖ്യ പ്രമേയം. അതേസമയം ഇളയദളപതി വിജയ് കേന്ദ്ര കഥാപാത്രമായെത്തിയ ‘സര്‍ക്കാര്‍’ ആയിരുന്നു എ ആര് മുരുഗദോസ് സംവിധാനം നിര്‍വഹിച്ച അവസാന ചിത്രം. മുരുഗദോസ് സംവിധാനം നിര്‍വഹിച്ച ‘കത്തി’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുന്ന ചിത്രം കൂടിയാണ് ‘ദര്‍ബാര്‍’.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര് മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.
സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.