150 കോടിയുടെ നിറവില്‍ സ്റ്റൈല്‍ മന്നന് ചിത്രം ‘ദര്‍ബാര്‍’
സ്റ്റൈല്‍ മന്നന് രജനികാന്ത് പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് ‘ദര്‍ബാര്‍’. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തെത്തി. 150 കോടിയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ കളക്ഷന്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒരു പോലീസുകാരനായിട്ടാണ് സ്റ്റൈല്‍ മന്നന് ‘ദര്‍ബാറി’ലെത്തുന്നത്. മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പോരാടുന്ന ആദിത്യ അരുണാചലം എന്ന കഥാപാത്രമായി ദര്‍ബാറില്‍ സ്റ്റൈല്‍ മന്നന് വിസ്മയിപ്പിക്കുന്നു. 1992ല്‍ പുറത്തിറങ്ങിയ ‘പാണ്ഡ്യന്’ എന്ന ചിത്രത്തിലാണ് രജനികാന്ത് അവസാനമായി പോലീസ് വേഷത്തിലെത്തിയത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ദര്‍ബാറിന്റെ മുഖ്യ പ്രമേയം.
നയന്‍താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താര എ ആര് മുരഗദോസിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദര്‍ബാറിനുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ഗജിനി’ ആയിരുന്നു നയന്‍താരയും മുരുഗദോസും ഒരുമിച്ച അവസാന ചിത്രം. അതേസമയം രജനികാന്തിനോടൊപ്പമുള്ള നയന്‍താരയുടെ നാലാമത്തെ ചിത്രമാണ് ‘ദര്‍ബാര്‍’. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നിവയാണ് രജനീകാന്തും നയന്‍താരയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തിയ മറ്റ് മൂന്ന് ചിത്രങ്ങള്‍.
സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന സിനിമയുടെ സിനിമാറ്റോഗ്രഫി നിര്‍വഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.