പൊടി വില്ലനാകുമ്പോള്‍; അറിഞ്ഞിരിക്കാം ചില കാര്യങ്ങള്‍
പൊടി എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. മറ്റു ചിലരാകട്ടെ പൊടിയെ ‘നിസ്സാരം’ എന്നു പറഞ്ഞ് പൊടികള്ക്കിടയിലൂടെയും സഞ്ചരിക്കുന്നു. എന്നാല്‍ പറയുംപോലെ അത്ര നിസ്സാരക്കാരനല്ല പൊടി. പൊടി പലപ്പോഴും വില്ലനാവുകയും ഇതുവഴി പലതരം രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ശ്വാസകോശ രോഗങ്ങള്‍ക്കും ഒരു പ്രധാന കാരണം പൊടി തന്നെയാണ്.
കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണ് പൊടികള്‍. അതായത് വളരെ ചെറിയ കണികകളാണെന്ന് ചുരുക്കം. പൊടികള്‍ പലപ്പോഴും വായുവില്‍ തങ്ങി നില്ക്കുന്നു. പ്രധാനമായും പൊടികളെ രണ്ട് വിധത്തില്‍ തരംതിരിക്കാം. ഒന്ന് നമ്മുടെ വീടുകളിലും ഓഫീസ് മുറികളിലുമൊക്കെ കാണുന്ന പൊടികള്‍. മറ്റൊന്ന് അന്തരീക്ഷത്തില്‍ കാണുന്ന പൊടികള്‍. അന്തരീക്ഷത്തില്‍ തങ്ങി നില്ക്കുന്ന പൊടി പത്ത് മൈക്രോണിലും താഴെയാണ്. ഇവയെ കാണാന്‍ സാധിക്കില്ല.
എന്നാല്‍ അഞ്ച് മൈക്രോണില്‍ താഴെയുള്ള പൊടികള്‍ മൂക്കിലൂടെ കടക്കുകയും ഇവ ശ്വാസകോശത്തിലെത്തുകയും ചെയ്യുന്നു. പൊടി അമിതമായി ശ്വാസകോശത്തിലെത്തിയാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെപ്പോലും ദോഷകരമായി ബാധിക്കാനുള്ള സാധ്യതയുണ്ട്. തന്മൂലം ശ്വാസോച്ഛ്വാസത്തിനുള്ള ശേഷി കുറയുകയും ചെയ്യുന്നു.
ഇതു മാത്രമല്ല, പൊടി മൂക്കിലൂടെ കടന്ന് ശ്വാസകോശത്തില്‍ തുടര്‍ച്ചയായി എത്തിയാല്‍ വിട്ടുമാറാത്ത ചുമ, ബ്രോങ്കൈറ്റിസ്, ആസ്തമ, ത്വക് രോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു. പൊടി അമിതമായി ശ്വസിച്ചാല്‍ ശ്വാസനാളി ഭാഗീകമായി അടയുവാനുള്ള സാധ്യതയുമുണ്ട്. അലര്‍ജിയുള്ള ആളുകള്‍ പൊടിയടിക്കുമ്പോള്‍ സ്ഥിരമായി തുമ്മല്‍, കണ്ണു ചൊറിച്ചില്‍, തൊണ്ട കടി, അമിതമായ കഫകെട്ട് എന്നിവയും ഉണ്ടാകുന്നു.
പൊടി മൂലമുണ്ടാകുന്ന വിവിധ അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് ആദ്യം വേണ്ടത്. ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മുഖവും മൂക്കും മൂടുന്ന തരത്തില്‍ ഹെല്‍മെറ്റ് ധരിക്കുന്നതും നല്ലതാണ്. അതുപോലെതന്നെ പുറത്തുപോകുമ്പോള്‍ മാസ്ക് ധരിക്കുന്നതും പൊടിയില്‍ നിന്നും മോചനം നേടാന്‍ സഹായിക്കും.