കാട്ടുതീയ്ക്ക് പിന്നാലെ ഓസ്ട്രേലിയയില്‍ പൊടിക്കാറ്റും രൂക്ഷം
ഓസ്ട്രേലിയയില്‍ വലിയ നാശം വിതച്ച കാട്ടുതീയ്ക്ക് പിന്നാലെ പൊടിക്കാറ്റും രൂക്ഷമാകുന്നു. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരമേഖലയിലാണ് പൊടിക്കാറ്റ് ശക്തമായിരിക്കുന്നത്. പൊടിക്കാറ്റിന് പുറമെ വ്യാപകമായ ആലിപ്പഴം വീഴ്ചയും ഓസ്ട്രേലിയയില്‍ ശക്തമാണ്. ന്യൂ സൗത്ത് വെയില്‍സിന്റെ തലസ്ഥാനമായ സിഡ്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
എന്നാല്‍ വിക്ടോറിയയില്‍ കാട്ടുതീ ഇതുവരെ ശമിച്ചിട്ടില്ല. പ്രദേശത്ത് മഴ ഉണ്ടായെങ്കിലും അത് രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ തടസം സൃഷ്ടിക്കുകയാണ് ചെയ്തത്. സെപ്തംബറില്‍ തുടങ്ങിയ കാട്ടുതീയില്‍ കോടി കണക്കിന് ജീവജാലങ്ങള്‍ ചത്തതായാണ് കണക്കാക്കപ്പെടുന്നത്. ഓസ്ട്രേലിയയുടെ ടൂറിസം രംഗത്തെ തന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട് കാട്ടുതീ. കാട്ടുതീയില്‍ നിരവധി മനുഷ്യ ജീവനുകളും പൊലിഞ്ഞു. രണ്ടായിരത്തിലധികം വീടുകളും തകര്‍ന്നു.
അതേസമയം ഓസട്രേലിയയില്‍ മഴ ശക്തമായി പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ശക്തമായ മഴ ലഭിച്ചാല്‍ കാട്ടുതീ പൂര്‍ണ്ണമായും കെടുത്താന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസം പകരുന്ന ഒന്നാണ് മഴ. എന്നാല്‍ മഴ കനത്താല്‍ മറ്റൊരു വെല്ലുവിളിയും ഓസ്ട്രേലിയ നേരിടേണ്ടി വരും. കാട്ടുതീയില്‍ ഉണ്ടായ അവശിഷ്ടങ്ങള്‍ പലതും നദികളിലേക്കും മറ്റ് ജലസ്രോതസ്സുകളിലേക്കും ഒഴികിയെത്താന്‍ സാധ്യതയുണ്ട്. ഇത് ജലജീവികളെ ഏറെ മോശകരമായി ബാധിക്കും.