ഇക്കിളിയിട്ടും കുറുമ്പുകാട്ടിയും കുട്ടിയാന: സ്നേഹംനിറച്ച് ഒരു ആനക്കാഴ്ച, വീഡിയോ

January 30, 2020

ചില ചിത്രങ്ങൾ അങ്ങനെയാണ്.. ആദ്യ കാഴ്ചയിൽ തന്നെ ഹൃദയം കീഴടക്കും.. ചുണ്ടിൽ പുഞ്ചിരിയും മനസിൽ സന്തോഷവും ഉണർത്തുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിലും കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ കുറുമ്പ് കാണിക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ഇഷ്‌ടം പിടിച്ചുപറ്റിയിരിക്കുന്നത്.

വേലിയ്ക്ക് പെയിന്റ് അടിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ അടുത്തേക്ക് കുറുമ്പ് കാണിക്കാൻ എത്തുന്ന ആനക്കുട്ടിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. പെയിന്റ് അടിച്ചുകൊണ്ടിരിക്കുന്ന യുവാവിനെ പുറകിൽ നിന്നും തുമ്പികൈ ഉപയോഗിച്ച് വിളിക്കുന്ന ആനക്കുട്ടിയെ വളരെ സ്നേഹത്തോടെ തലോടുകയാണ് യുവാവ്. പിന്നീട് വേലിയ്ക്ക് മുകളിലൂടെ കാലുകൾ പുറത്തേക്കിട്ടും ആനക്കുട്ടി സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്.

വ്യത്യസ്തവും മനോഹരവുമായ സൗഹൃദം നിറഞ്ഞ ഈ സ്‌നേഹക്കാഴ്ച സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്.

ആനകളോട് ആരാധനയും ഇഷ്ടവുമൊക്കെ ഏറെയുണ്ട് പലര്‍ക്കും. ആനകളുടെ രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. തുമ്പിക്കൈകൊണ്ട് ചക്ക പറിച്ച് കഴിക്കുന്ന ആനയും മാമ്പഴം പറിക്കാന്‍ മതിലു ചാടിക്കടന്ന ആനയുമെല്ലാം അടുത്തിടെ സൈബര്‍ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

ഒരേ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആനയുടെയും പാപ്പാന്റെയും സ്നേഹവീഡിയോയും വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.