സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കല്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനു വേണ്ടിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി. എല്ലാ സ്‌കൂളുകളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. സിബിഎസ്ഇയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്‌കൂളുകളും നടപ്പിലാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിറക്കിയത്. കൊച്ചി സ്വദേശിയായ ഡോ. ആന്റണി സിറിയക്, സ്‌കൂള്‍ ബാഗുകളുടെ അമിതഭാരം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഉത്തരവിറക്കിയത്.
അതേസമയം സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ 2016-ല്‍ മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ച് അമിതഭാരമില്ലെന്ന് ടീച്ചര്‍മാര്‍ ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ വാട്ടര്‍ബോട്ടിലുകള്‍ ഒഴിവാക്കി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറികളില്‍ തന്നെ കുടിവെള്ളം ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പാഠപുസ്തകങ്ങള്‍ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റിയതും ബാഗുകളുടെ അമിത ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്.