സണ്ണി വെയ്ന്‍ നായകനായെത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യിലെ ആ മനോഹരഗാനം പിറന്നതിങ്ങനെ: വീഡിയോ

January 6, 2020

മലയാളികളുടെ പ്രിയതാരം സണ്ണി വെയ്ന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘അനുഗ്രഹീതന്‍ ആന്റണി’. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ പ്രേക്ഷകരും ഏറ്റെടുത്തു ചിത്രത്തെ. ചിത്രത്തിലെ മനോഹരമായ ഒരു പ്രണയഗാനം അടുത്തിടെ ആ്‌സ്വാദക ഹൃദയങ്ങളില്‍ ഇടം നേടിയിരുന്നു. ഇപ്പാഴിതാ കാമിനി ഗാനത്തിന്റെ മേക്കിങ് വീഡിയോയും പുറത്തെത്തി. കെ എസ് ഹരിശങ്കറിന്റെ ആര്‍ദ്രമായ ആലാപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. അരുണ്‍ മുരളീധരന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

അതേസമയം പ്രിന്‍സ് ജോയ് ആണ് ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജിഷ്ണു എസ് രമേഷ്, അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണിലാല്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരി ചിത്രസംയോജനം നിര്‍വഹിക്കുന്നു. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ എം ഷിജിത്താണ് നിര്‍മാണം.

Read more: ശ്രദ്ധ നേടി നിവിന്‍ പോളിയുടെ ‘തുറമുഖം’ ഫസ്റ്റ്‌ലുക്ക്

’96’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ഗൗരി ജി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. തൃഷ അവതരിപ്പിച്ച ജാനകി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ’96’ ല്‍ ഗൗരി അവിസ്മരണീയമക്കിയിരുന്നു. പ്രേക്ഷകരും ഗൗരിയെ അഭിനന്ദിച്ച് രംഗത്തത്തി. ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തില്‍ ആന്റണി എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജന എന്ന കഥാപാത്രമായി ഗൗരിയും ചിത്രത്തിലെത്തുന്നു.

സണ്ണി വെയ്‌നും ഗൗരിക്കും പുറമെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ‘അനുഗ്രഹീതന്‍ ആന്റണി’യില്‍. സിദ്ദിഖ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബൈജു, മുത്തുമണി തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രമായെത്തുന്നു.