ചൂട് കൂടുന്നു: മലയോരഗ്രാമങ്ങളിൽ ജലക്ഷാമവും തീപിടുത്തവും രൂക്ഷം
കാലാവസ്ഥയിൽ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പൊതുവെ തണുപ്പ് അനുഭവപ്പെടേണ്ട ജനുവരി അവസാനമാകുമ്പോഴേക്കും ചൂട് അതികഠിനമായി മാറിക്കഴിഞ്ഞു. പകൽ സമയങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം മലയോരപ്രദേശങ്ങളിൽ ജലക്ഷാമവും തീപിടുത്തവും പതിവായി. ഇതോടെ കൃഷിയിടങ്ങൾ നശിക്കുന്ന അവസ്ഥയാണ്. നനയ്ക്കാൻ വെള്ളമില്ലാത്തതിനെത്തുടർന്ന് നിരവധി കൃഷിയിടങ്ങൾ പൂർണമായും വാടി കരിഞ്ഞ അവസ്ഥയിലാണ്. അതോടൊപ്പം കരിയിലകളിൽ നിന്നും മറ്റും ഉണ്ടാകുന്ന തീപിടുത്തവും മിക്കയിടങ്ങളിലും സ്ഥിരം കാഴ്ചയായി. ഇതും കൃഷിയെ ദോഷമായി ബാധിക്കുന്നുണ്ട്.
ചൂട് അതികഠിനമാകുന്ന സാഹചര്യത്തിൽ കൈത, വാഴ, ജാതി, റബ്ബർ, തെങ്ങ് എന്നിവയെല്ലാം വാടികരിഞ്ഞ അവസ്ഥയിലാണ്. മേൽ മണ്ണിലെ ചൂടേറ്റ് തൈ മരങ്ങളും ക്രമാതീതമായി നശിക്കുന്നുണ്ട്.
അതേസമയം തീപിടുത്തം പതിവാകുന്ന സാഹചര്യത്തിൽ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുമ്പോൾ തീപ്പൊരികൾ പാറാതെ സൂക്ഷിക്കണമെന്നും, വൈദ്യുതി ലൈൻ കടന്നുപോകുന്ന ജനവാസമുള്ള സ്ഥലങ്ങളിൽ അതീവ ജാഗ്രത വേണമെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർധിച്ചുവരുന്നത് പലരിലും ആശങ്ക നിറച്ചിരിക്കുകയാണ്. അതേസമയം ഈ ദിവസങ്ങളിൽ ധാരാളമായി വെള്ളം കുടിക്കണം. കാരണം ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് ചൂട് കാലം. ഒരുപരിധിവരെയുള്ള അസുഖങ്ങളെ തടയുന്നതിനും വെള്ളം കുടിയ്ക്കുന്നത് സഹായിക്കും.