ബിഗ് ബിയ്ക്കും ജയബച്ചനും ഒപ്പം മഞ്ജു വാര്യര്‍; ശ്രദ്ധനേടി ചിത്രങ്ങള്‍

January 26, 2020

വെള്ളിത്തിരയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമായ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നു. അമിതാഭ് ബച്ചനും ജയബച്ചനും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു പരസ്യചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. റെബ മോണിക്കയും ചിത്രത്തില്‍ പ്രക്ഷപ്പെട്ടിട്ടുണ്ട്.

അതേസമയം മഞ്ജു വാര്യര്‍ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു.
ഹരിഹരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എം മുകുന്ദന്‍ രചിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന പ്രശസ്തമായ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു എത്തുന്നത് ഇത് ആദ്യമായാണ്. എം. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ‘ക്ലിന്റ്’ എന്ന ചിത്രത്തിന് ശേഷം ഹരിഹരന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചെറുകഥയില്‍ സജീവന്‍ എന്ന ഓട്ടോറിക്ഷ തൊഴിലാളിയാണ് നായകന്‍. പണിയെടുക്കാന്‍ മടിച്ച് കടം വാങ്ങി ജീവിക്കുന്ന സജീവന്റെ ജീവിതത്തിലേക്ക് രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് ചെറുകഥയുടെ ഇതിവൃത്തം. എന്നാല്‍ ചെറുകഥയില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയിട്ടായിരിക്കും സിനിമ ഒരുക്കുക.

ഈ ചിത്രത്തിന് പുറമെ ‘ചതുര്‍മുഖം’ എന്ന ചിത്രത്തിലും നായികയായെത്തുന്നത് മഞ്ജു വാര്യരാണ്. സണ്ണി വെയ്‌നാണ് ചതുര്‍മുഖത്തിലെ നായകന്‍. രഞ്ജിത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. ജിസ് ടോം മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചതുര്‍മുഖം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.