പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ കിടിലൻ തമാശകളുമായി ‘മറിയം വന്ന് വിളക്കൂതി’; പ്രോമോ വീഡിയോ

January 25, 2020

‘മറിയം വന്ന് വിളക്കൂതി’… മലയാളികൾക്ക് ഏറെ സുപരിചിതമായ ഈ വാക്കിൽ സിനിമ ഒരുങ്ങുന്നു എന്നറിഞ്ഞതുമുതൽ സിനിമ പ്രേമികൾ ആവേശത്തിലാണ്. പേരുപോലെത്തന്നെ ഏറെ രസകരമാണ് ചിത്രം എന്ന് സൂചിപ്പിക്കും വിധമാണ് ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും പുറത്തുവന്നത്.

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ഈ മാസം 31 ന് തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധേയമാകുകയാണ് ചിത്രത്തിന്റെ പ്രോമോ വീഡിയോ. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി ഹാസ്യ ഡയലോഗുകൾ കോർത്തിണക്കിയാണ് പ്രോമോ ഒരുക്കിയിരിക്കുന്നത്.

റേഡിയോ ജോക്കി, സഹ സംവിധായകന്‍ എന്നീ നിലകളിലും ശ്രദ്ധേയനായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറ് സമയത്ത് സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത്. അതേസമയം ഒരു കോമഡി എന്റര്‍ടെയ്‌നറാണ് ‘മറിയം വന്ന് വിളക്കൂതി’.

അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ഗാനങ്ങളും പോസ്റ്ററുകളുമെല്ലാം ഏറെ രസകരമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ‘തല തെറിച്ചൊരു ആള്‍ക്കൂട്ടം…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. മനോഹരമാണ് ഈ സൗഹൃദഗാനം.

ത്രില്ലര്‍ സ്വഭാവമുള്ള കോമഡി ചിത്രമാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സനാണ് ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, അല്‍ത്താഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തിയേറ്ററുകളില്‍ ശ്രദ്ധ നേടിയ ‘ഇതിഹാസ’ എന്ന ചിത്രത്തിന്റെ നിര്‍മാതാവായ രാജേഷ് അഗസ്റ്റ്യനാണ് ‘മറിയം വന്ന് വിളക്കൂതി’ എന്ന ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്.