‘മാസ്റ്റര്‍’ ആകാന്‍ വിജയ്; ശ്രദ്ധ നേടി ഫസ്റ്റ്‌ലുക്ക്

January 1, 2020

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് നടന്‍ വിജയ്ക്ക്. അതുകൊണ്ടുതന്നെയാണല്ലോ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും കേരളത്തിലെ അടക്കം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതും. വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മാസ്റ്റര്‍’. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ ഉണ്ടായെങ്കിലും പേര് പുറത്തെത്തുന്നത് ഇപ്പോഴാണ്. ‘മാസ്റ്റര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തി. മികച്ച സ്വീകാര്യത നേടുന്നുണ്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍. വിജയ് ആണ് ചിത്രത്തിന്റെ ഫ്സ്റ്റ്‌ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചതും. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത.

ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ, ഗൗരി കിഷന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. പ്രേക്ഷക ശ്രദ്ധ നേടിയ ‘കൈദി’ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഇത്. ‘കൈദി’യില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ ദാസും ‘മാസ്റ്റര്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more:പടക്കുതിരപ്പുറത്തേറി മോഹന്‍ലാല്‍; ‘മരക്കാര്‍’ ഫസ്റ്റ് ലുക്ക്‌

2020 ഏപ്രിലില്‍ ‘മാസ്റ്റര്‍’ തിയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ചിത്രം. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സത്യന്‍ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.