പുതിയ സ്വപ്‌നത്തെക്കുറിച്ച് നിറ ചിരിയോടെ നവ്യ നായര്‍: വീഡിയോ

January 13, 2020

ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളചലച്ചിത്ര രംഗത്തേക്ക് മടങ്ങിയെത്തുകയാണ് മലയാളികളുടെ പ്രിയതാരം നവ്യ നായര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. നവ്യ നായര്‍ അനശ്വരമാക്കിയ ബാലാമണി എന്ന കഥാപാത്രത്തിന്റെ അകമ്പടിയോടെയാണ് ഈ അനൗണ്‍സ്‌മെന്റ് എന്നതാണ് മറ്റൊരു കൗതുകം.

”അതെങ്ങനാ, നേരം വെളുത്താല്‍ അന്തിയാവണ വരെ വിളിയല്ലേ ബാലാമണിയെ ബാലാമണിയെ…” നന്ദനത്തിലെ ബാലാമണിയുടെ ഈ ഡയലോഗ് അനുകരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയിലൂടെയാണ് അനൗണ്‍സ്‌മെന്റ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് നവ്യ നായരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. തന്റെ പുതിയ ചിത്രത്തെക്കുറിച്ചും വീഡിയോയില്‍ വാചാലയാകുന്നു താരം.

‘തീ’ എന്നാണ് നവ്യ നായര്‍ മടങ്ങിയെത്തുന്ന ചിത്രത്തിന്റെ പേര്. വി കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സ് നാസര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തിറങ്ങും.

Read more: ‘ചിരിച്ച് കൊണ്ട് നില്‍ക്കും കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും’; ചെറുതല്ല ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാകാന്‍ സൂരജ് എടുത്ത കഷ്ടപ്പാട്: കുറിപ്പ്‌

അതേസമയം ‘സീന്‍ ഒന്ന് നമ്മുടെ വീട്’ എന്ന സിനിമയിലാണ് നവ്യ നായര്‍ ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്.

ചെറുപ്പം മുതല്‍ക്കേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘അഴകിയ തീയെ’ എന്ന ചിത്രത്തിലൂടെ താരം തമിഴിലും അഭിനയിച്ചു. അതേസമയം 2002-ല്‍ തിയേറ്ററുകളിലെത്തിയ ‘നന്ദനം’ ആണ് നവ്യ നായരെ ചലച്ചിത്രലോകത്ത് അടയാളപ്പെടുത്തിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരത്തെ തേടിയെത്തി. അമ്പതിലധികം മലയാള സിനിമയില്‍ നവ്യ നായര്‍ അഭിനയിച്ചിട്ടുണ്ട്.