കൊറോണ വൈറസ്: ചൈനയില്‍ മരണം 100 കവിഞ്ഞു; ലോകം ജാഗ്രതയില്‍
ലോകത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് പടരുന്നതായും സൂചനയുണ്ട്. ചൈനയില്‍ മാത്രമായി 1291 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായിരമായി.
കൊറോണ വൈറസ് പടരുന്നതുമൂലം ചൈനയില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണ ആദ്യം സ്ഥിരീകരിച്ച വുഹാനിലടക്കം 20 നഗരങ്ങളില്‍ ഗതാഗത നിയന്ത്രണവും തുടരുന്നു. ചൈനയ്ക്ക് പുറമെ മറ്റ് പന്ത്രണ്ടോളം രാജ്യങ്ങളിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജര്‍മനിയിലെ സ്റ്റാന്‍ബെര്‍ഗിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ലോകം കനത്ത ജാഗ്രതയിലാണ്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെത്തിയ 29,707 യാത്രക്കാരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കേരളവും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്ത് 441 പേര്‍ നിരീക്ഷണത്തിലുണ്ട്.
പൊതുവെ മൃഗങ്ങളില്‍ കാണപ്പെടുന്ന വൈറസുകളാണ് കൊറോണ വൈറസ്. വളരെ വിരളമായി മാത്രം മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന ഇത്തരം വൈറസുകള്‍ സൂനോട്ടിക് എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ശ്വസന സംവിധാനങ്ങളെയാണ് ഇവ പൊതുവെ ബാധിക്കുന്നത്. ഇത് സാര്‍സ്, മെര്‍സ് എന്നീ രോഗങ്ങള്‍ക്കും കാരണമാകും.
പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.