അജുവിന്റെ ഭാര്യയായി ഗ്രേസ്; സാജൻ ബേക്കറി ഒരുങ്ങുന്നു

January 15, 2020

അജു വർഗീസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സാജൻ ബേക്കറി. ഗ്രേസ് ആണ് ചിത്രത്തിൽ അജുവിന്റെ ഭാര്യയായി വേഷമിടുന്നത്. തൊണ്ണൂറുകളിലെ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടൻ അജു വർഗീസ്. സാജന്റെ കുടുംബ ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

അജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സാജൻ, പുന്നമൂട്ടിൽ ശമേൽ മാപ്പിളേടെ ഒരേ ഒരു സന്തതി.
തന്റെ അപ്പൻ സാജന്റെ പേരിൽ റാന്നിയിൽ പണ്ട് 62ൽ ഒരു ബേക്കറി തുടങ്ങീട്ടും സാജന്റെ മനസും ശരീരവും അവിടെയൊന്നുമല്ലാരുന്നു. പല നാട്ടിൽ, പല കച്ചവടത്തിന്റെ പുറകെ പോയ സാജൻ പക്ഷെ ഒരിടത്തും വേരുറച്ചില്ല, എല്ലാ വട്ടവും നാട്ടിലേക്കു തിരിച്ചു വന്നപ്പോൾ മിച്ചം വന്നത് ജീവിതാനുഭവം മാത്രം. ഒടുക്കം അപ്പന്റെ നിർബന്ധത്തിനു വഴങ്ങി കല്യാണം. മേരി..
ഉറവപൊട്ടി പലവഴിക്ക് ഒഴുകിയ കാട്ടുനീരിനെക്കാളും ചിതറിയ സാജന്റെ മനസ്സിനെ, ചിന്തകളെ, ഒരേ ഗതിയിലേക്ക് കൊണ്ടുപോയവളാരുന്നു മേരി.

സാജൻ മനസിലാക്കാൻ ശ്രമിച്ച ഒരേ ഒരു വ്യക്തി എന്നുവേണമെങ്കിലും പറയാം. എന്നിരുന്നാലും സാജനു മേരിയെ നല്ല പേടിയാരുന്നു. ചിലപ്പോ അതുകൊണ്ടാരിക്കും പിന്നെപ്പോളോ അയാൾ നന്നായതും. അപ്പന്റെ സൗന്ദര്യവും (ശെരിക്കും ) അമ്മേടെ ഐശ്വര്യവും കിട്ടിയത് മൂത്തവൾ ബെസ്റ്റിയ്ക്കാണ്, രണ്ടാമത്തവൻ ബോബിൻ മേരിടെ വയറ്റിൽ വളരുമ്പോൾ സാജനും മേരിയും നല്ല തല്ലുപിടിത്തം ഉണ്ടാരുന്നകൊണ്ടാണെന്നു തോന്നുന്നു ബോബിൻ ലുക്കിലും സ്വഭാവത്തിലും ഇച്ചിരി മൂശാട്ട ആരുന്നു.. സാജനെ പോലെ..90-കളിലെ ഒരു ഫോട്ടോ ആണിത്.