ദർബാറിൽ കത്രികവച്ച് സെൻസർ ബോർഡ്; ചിത്രം ജനുവരി 9 ന് തിയേറ്ററുകളിലേക്ക്
സിനിമ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എ ആർ മുരുകദോസും രജനികാന്തും ഒന്നിക്കുന്ന ദർബാർ. ഇപ്പോഴിതാ സെൻസറിങ് പൂർത്തിയായി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ജനുവരി 9 -ന് ചിത്രം തിയേറ്ററുകളിൽ എത്തും. അതേസമയം ചിത്രത്തിന് പതിനൊന്ന് മാറ്റങ്ങളാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ആക്ഷൻ രംഗങ്ങളും ചുംബന രംഗങ്ങളും ഉൾപ്പെടെ ഒഴിവാക്കാൻ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
തമിഴകത്തും മലയാളക്കരയിലും ഒരുപോലെ ആരാധകരുള്ള താരമാണ് സ്റ്റൈൽ മന്നൻ രജനികാന്ത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദർബാർ. രജനികാന്തിനൊപ്പം നയൻതാര കൂടി എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സിനിമയുടേതായി പുറത്തുവന്ന ചിത്രങ്ങൾക്കും ട്രെയ്ലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ആദിത്യ അരുണാചലം എന്ന കഥാപാത്രമായാണ് രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നത്. മുംബൈ ആസ്ഥാനമായി നടക്കുന്ന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
സന്തോഷ് ശിവനാണ് ‘ദര്‍ബാര്‍’ എന്ന ചിത്രത്തിന്റെ സിനിമാറ്റോഗ്രഫി നിർവഹിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനികാന്തിനായി സന്തോഷ് ശിവന് ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ചിത്രത്തിന്റേതായി പുറത്തുവന്ന ‘ചുമ്മാ കിഴി…’എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.