‘കണ്ണേ കണ്ണേ പേസാതെ കണ്ണാളനെ..’- ചടുല താളവുമായി ‘ഷൈലോക്കി’ലെ ഗാനമെത്തി

January 18, 2020

മമ്മൂട്ടി നായകനായി ഈ വർഷം ആദ്യമെത്താനൊരുങ്ങുന്ന ചിത്രമാണ് ‘ഷൈലോക്ക്’. പലിശക്കാരനായ ബോസ്സിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ജനുവരി 23 നാണ് ‘ഷൈലോക്ക്’ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ സിനിമയിലെ ഒരു ഗാനം പുറത്ത് വന്നിരിക്കുകയാണ്.

‘കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന തമിഴ് ഗാനം ബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘രാജാധിരാജ’, ‘മാസ്റ്റര്‍പീസ്’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഷൈലോക്ക്’. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ‘ഷൈലോക്കി’നുണ്ട്.

ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കറുപ്പണിഞ്ഞ് വ്യത്യസ്ത ലുക്കിൽ പ്രതിനായക പ്രതീതിയിലാണ് മമ്മൂട്ടി ടീസറിലും പ്രത്യക്ഷപ്പെട്ടത്.

അതേസമയം, എം പത്മകുമാർ സംവിധാനം ചെയ്ത ‘മാമാങ്കം’ ആണ് മമ്മൂട്ടി നായകനായി തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം. ചാവേറുകളുടെ കഥ പറഞ്ഞ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രങ്ങളായി അണിനിരന്നത് ഉണ്ണിമുകുന്ദനും മാസ്റ്റർ അച്യുതനുമാണ്.