‘ആരാണ് ഈ സന്തോഷം ആഗ്രഹിക്കാത്തത്…’; ചിരി നിറച്ച് ‘ഉറിയടി’ ട്രെയ്‌ലര്‍

January 13, 2020

സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുംമുമ്പേ ചിത്രത്തിന്റെ ടീസറുകളും ട്രെയ്‌ലറുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കാറാണ് പതിവ്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ‘ഉറിയടി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. ചിരി മുഹൂര്‍ത്തങ്ങളും പ്രണയവും ആക്ഷനുമൊക്കെ ഇടം നേടിയിട്ടുണ്ട് ഈ ട്രെയ്‌ലറില്‍. എ ജെ വര്‍ഗീസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ദിനേഷ് ദാമോദര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

‘അടി കപ്യാരേ കൂട്ടമണി’ എന്ന ചിത്രത്തിന് ശേഷം എ ജെ വര്‍ഗ്ഗീസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഉറിയടി’. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറും ഇത് ശരിവയ്ക്കുന്നു. ഫ്രണ്ടസ് ഫിലിം ഫാക്ടറി ആന്‍ഡ് ഫിഫ്റ്റി സിക്‌സ് സിനിമാസിന്റെ ബാനറില്‍ നൈസാം സലാം, സുധീഷ് ശങ്കര്‍, രാജേഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഉറിയടിയുടെ നിര്‍മാണം. സില്‍വര്‍ സ്‌കൈ പ്രൊഡക്ഷന്‍സ് ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.

നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രീനിവാസന്‍, ബൈജു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സിദ്ദിഖ്, പ്രേംകുമാര്‍, ബിജു കുട്ടന്‍, സുധി കോപ്പ, വിനീത് മോഹന്‍, ശ്രീജിത് രവി, നോബി, രാജ് കിരണ്‍ തോമസ്, ആര്യ, ശ്രീലക്ഷ്മി, മാനസ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ‘ഉറിയടി’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇഷാന്‍ ദേവ് ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അനില്‍ പനച്ചൂരാന്‍ ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നു.