‘മലയാളത്തിന്റെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാറുകളെ സമ്മാനിക്കാനായത് അദ്ദേഹത്തിനാണ്’- ബാലചന്ദ്ര മേനോന് പിറന്നാളാശംസിച്ച് വി എ ശ്രീകുമാർ

January 11, 2020

മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച സിനിമകളും കഥാപാത്രങ്ങളും ഒപ്പം കഴിവുറ്റ നായികമാരെയും സമ്മാനിച്ച പ്രതിഭയാണ് ബാലചന്ദ്ര മേനോൻ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാർ.

വി എ ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്;

സിനിമയുടെ സമസ്ത മേഖലയിലും തന്റെ കയ്യൊപ്പു പതിപ്പിച്ച ഒരു യഥാർത്ഥ സൂപ്പർ സ്റ്റാർ…

ബാലചന്ദ്ര മേനോന്റെ സിനിമയിൽ അഭിനയിച്ചാൽ മാത്രമെ സൂപ്പർ സ്റ്റാർ പദവി ലഭിക്കൂ എന്ന് നമ്മുടെ താരങ്ങൾ ഒരു കാലത്തു വിശ്വസിച്ചിരുന്നു . ശോഭന, പാർവതി, കാർത്തിക, ആനി… മലയാളത്തിന്റെ യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാറുകളെ സമ്മാനിക്കാനായതും ഇദ്ദേഹത്തിന് തന്നെ.

ഒരു ‘ബാലചന്ദ്ര മേനോൻ സിനിമ എങ്ങനെയായിരിക്കും എന്ന് ആർക്കും പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ സിനിമകളിൽ ഞാൻ ആദ്യമായി കാണുന്നത് കലിക എന്ന ഹൊറർ ചിത്രമാണ്. ഇതേ മനുഷ്യനാണ് ‘ഏപ്രിൽ 18 ‘ എന്ന ഏറ്റവും മനോഹരമായ ഒരു ചിത്രം ഒരുക്കിയതും. ഇദ്ദേഹത്തെ ആദരിക്കുന്നതിനു എനിക്ക് ഈ വരികൾ മതിയാകില്ല.

ജന്മദിനാശംസകൾ ചേട്ടാ..
നിങ്ങൾ മലയാള സിനിമയുടെ ഒരു സുപ്രധാന ഏടാണ്..

ബാലചന്ദ്ര മേനോന്റേതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘എന്നാലും ശരത്’ കുടുംബചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി ക്യാംപസ് കഥ പറയുന്ന ചിത്രമായിരുന്നു ‘എന്നാലും ശരത്’. ബാലചന്ദ്ര മേനോൻ സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രമായിരുന്നു ഇത്.