3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യം, കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് അധിക നിരക്ക്: ജല അതോറിറ്റിയുടെ ശുപാര്‍ശ
ഉപഭോക്താക്കള്‍ക്ക് 3000 ലിറ്റര്‍ വരെ കുടിവെള്ളം സൗജന്യമായി നല്കാന് സംസ്ഥാന ജല അതോറിറ്റിയുടെ ശുപാര്‍ശ. 3000 ലിറ്ററിലധികം കുടിവെള്ളം ഉപയോഗിച്ചാല്‍ സ്ലാബ് തിരിച്ചാകും നിരക്ക് ഈടാക്കുക.
5000 ലിറ്ററിന് മുകളില്‍ കുടിവെള്ളം ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും ആറ് രൂപ ഈടക്കണമെന്നും സംസ്ഥാന ജല അതോറിറ്റി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതിനുപുറമെ 10,000 വരെയുള്ള സ്ലാബിലുള്ളവര്‍ക്ക് നാല് രൂപയില്‍ നിന്നും എട്ടു രൂപയാക്കണമെന്നും 15,000 ലിറ്റര്‍ വരെ കുടിവെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആറ് രൂപയില്‍ നിന്ന് നിന്ന് 10 രൂപയാക്കണമെന്നും 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നവര്‍ക്ക് ഏഴ് രൂപയില്‍ നിന്നും 15 രൂപയാക്കണമെന്നും ജല അതോറിറ്റിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.
കൂടാതെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പുറമെയുള്ള ആവശ്യങ്ങള്‍ക്കായി കുടിവെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും 15,000 ലിറ്റര്‍ മുതലുള്ള സ്ലാബിന് 60 രൂപ ഈടാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉയര്‍ന്ന ഉപയോഗമുള്ള സ്ലാബുകളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കാനും ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10,000 ലിറ്റര്‍ സൗജന്യമായി നല്‍കണമെന്നും സംസ്ഥാന ജല അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
2014-ലാണ് സംസ്ഥാനത്ത് കുടിവെള്ള നിരക്ക് അവസാനമായി വര്‍ധിപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ 1200 കോടിയോളം രൂപയുടെ കുടിശ്ശിക ജല അതോറിറ്റിക്കുണ്ട്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന്റെ മൂന്നില്‍ ഒന്നുമാത്രമാണ് വരവായി ലഭിക്കുന്നതെന്നും ജല അതോറിറ്റി വ്യക്തമാക്കി. 1000 ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ ചെലവാകുന്നത് 24-ഓളം രൂപയാണ്. എന്നാല്‍ 9 രൂപ മാത്രമാണ് 1000 ലിറ്ററില്‍ നിന്നും വരുമാനമായി ലഭിക്കുന്നത്. ഇക്കാരണത്താലാണ് 3000 ലിറ്ററിന് മുകളില്‍ കുടിവെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും അധിക തുക ഈടാക്കാന്‍ സംസ്ഥാന ജല അതോറിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.