കത്രികവയ്ക്കാതെ സെന്‍സര്‍ ബോര്‍ഡ്; ‘ട്രാന്‍സ്’ ഫെബ്രുവരി 20 മുതല്‍
ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ട്രാന്‍സ് ഈ മാസം ഇരുപത് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
ഒരു നോട്ടംകൊണ്ടുപോലും വെള്ളിത്തിരയില്‍ അഭിനയത്തിന്റെ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന നടനാണ് ഫഹദ് ഫാസില്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ട്രാന്‍സ്’. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ് ചിത്രത്തെ. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
തിരുവനന്തപുരത്തെ റീജണല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫീസില്‍ സര്‍ട്ടിഫിക്കേഷനായി പ്രദര്‍ശിപ്പിച്ചപ്പോള്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റണം എന്ന് ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുംബൈയിലെ റിവൈസിംഗ് കമ്മറ്റിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. റിവൈസിംഗ് കമ്മറ്റി വിലയിരുത്തിയ ചിത്രത്തില്‍ ഇനി ഒരു ഭാഗവും കട്ട് ചെയ്യേണ്ട എന്നാണ് താരുമാനം.
ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് ട്രാന്‍സ്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിനു ശേഷം അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സ്’ എന്ന സിനിമയ്ക്കുണ്ട്.
Read more: ഈസിയായി പണം അയക്കാനും വാട്‌സ്ആപ്പ്; ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയം
സോഷ്യല്‍ ഡ്രാമ കാറ്റഗറിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ട്രാന്‍സ്’. ഫഹദിനും നസ്രിയയ്ക്കും പുറമെ സൗബിന്‍ സാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, ജോജു ജോര്‍ജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ, അശ്വതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു.
അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അന്‍വര്‍ റഷീദും അമല്‍ നീരദും ഒരു ഫീച്ചര്‍ ഫിലിമിനുവേണ്ടി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘ട്രാന്‍സ്’ എന്ന ചിത്രത്തിനുണ്ട്. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ്. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ രചന. പ്രവീണ്‍ പ്രഭാകര്‍ ട്രാന്‍സിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.