കൊറോണ മരണം 1486; കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ ഡിസ്ചാജ് ചെയ്തു

ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 1486 ആയി. ഇതിൽ 1483 പേരും ചൈനക്കാരാണ്. ചൈനയിൽ ഇന്നലെ മാത്രം 116 പേർ മരിച്ചു. ആകെ 64600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ നേരത്തെ മൂന്ന് പേരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ നില തൃപ്തികരണമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാർത്ഥിനിയെ കഴിഞ്ഞ ദിവസം ഡിസ്ചാജ് ചെയ്തു. എങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രത തുടരുകയാണ്.
രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും ഇന്ത്യയിലെത്തി 28 ദിവസങ്ങള്‍ കഴിയുന്നതുവരെ വീടുകളില്‍ത്തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണെന്നും അധികൃതർ അറിയിക്കുന്നുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2397 പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇവരില്‍ 2375 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 402 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്.