‘അയ്യപ്പനും കോശിയും’ പറഞ്ഞ അട്ടപ്പാടിയിലെ മദ്യ നിരോധനം സത്യമാണോ?’- ശ്രദ്ധേയമായി അനുഭവക്കുറിപ്പ്

February 25, 2020

അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ സച്ചി ഒരുക്കിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. പൃഥ്വിരാജ്- ബിജു മേനോൻ കൂട്ടുകെട്ടിലെത്തിയ ചിത്രം ഇരുവരുടെയും പ്രകടനം കൊണ്ടും കഥയുടെ മികവ് കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടത്. തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിൽ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോകുന്നതും തുടർന്നുള്ള പ്രശ്നങ്ങളുമാണ് ചർച്ച ചെയ്യുന്നത്. എന്നാൽ യഥാർത്ഥത്തിൽ അട്ടപ്പാടിയിലേക്ക് മദ്യം കൊണ്ടുപോകുന്നതിൽ എന്തെങ്കിലും തടസ്സമുണ്ടോ? അതിനെക്കുറിച്ച് വിശദമാക്കുകയാണ് തോമസ് കെയാൽ എന്ന വ്യക്തി. ബന്ധുവിനും സുഹൃത്തുകൾക്കുമുണ്ടായ അനുഭവമാണ് തോമസ് പങ്കു വയ്ക്കുന്നത്.

തോമസിന്റെ കുറിപ്പ് ;

അയ്യപ്പനും കോശിയും..
(പിന്നെ ഞാനും)

ഈ സിനിമയുടെ കഥ കേട്ടപ്പോൾ എന്റെ ഒരു ബന്ധുവിനും കൂട്ടുകാർക്കും‌ ‌സംഭവിച്ചതും അതിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളും ഓർമ്മവന്നു. അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാട്‌ പോയാൽ തിരികെ പോരുമ്പോൾ ഒരു കുപ്പിയെങ്കിലും വാങ്ങി വണ്ടിയിലിടുന്നതാണ്‌ മദ്യപാനികളുടെ ശീലം. ചുരം കയറിയാൽ പിന്നെ മദ്യവിൽപന നിരോധിച്ച ഇടമായതുകൊണ്ട്‌ ദ്രാവകം കരിഞ്ചന്തയിലേ കിട്ടൂ, അല്ലെങ്കിൽ തമിഴന്റെ ആനക്കട്ടിയിൽ പോകണം.

പതിവ്‌ തെറ്റിക്കാതെ ബന്ധുവും കൂട്ടരും രണ്ടുമൂന്ന് കുപ്പി മദ്യം ബിവറേജസിൽ നിന്ന് ബിൽ സഹിതം വാങ്ങി ജീപ്പിലിട്ടു.‌ വഴിയിലെങ്ങാനും പരിശോധനയുണ്ടായാൽ ബോധ്യപ്പെടുത്താനാണ്‌ ബില്ല്‌. മിക്കപ്പോഴും രാത്രിയിലാണ്‌ ചുരത്തിലെ പരിശോധന. അങ്ങനെ ആ രാത്രിയിൽ ആരോ പറഞ്ഞു വെച്ചതുപോലെ കൃത്യമായി ആ കുപ്പികൾ ഉദ്യോഗസ്ഥർ പിടിച്ചതും പോരാ, ‘അട്ടപ്പാടി മദ്യനിരോധിത മേഖലയാണെന്നറിയില്ലേ’ എന്നൊരു പരിഹാസവും കൂടിയായപ്പോൾ ബന്ധുവിനും കൂടെയുള്ളർക്കും ഇളകി. ചെന്നിട്ട്‌ വീശാനുള്ളത്‌ പിടിച്ചുവച്ചിട്ടാണ്‌ ഈ പുന്നാരം പറച്ചിൽ.
‘ ഇപ്പറഞ്ഞത്‌ ശരിയല്ലല്ലോ സാറമ്മാരെ അട്ടപ്പാടിയിൽ മദ്യം വിൽക്കാൻ പാടില്ല എന്നല്ലേ നിയമം..’ ഈ മറുചോദ്യമാണ് പ്രശ്നമായത്‌.

‘ മദ്യം അട്ടപ്പാടിലേക്ക്‌ കൊണ്ടുപോകുന്നതും‌ കുറ്റമാണ്‌..വല്യ പത്രാസ്‌ കാണിക്കാതെ പോവാൻ നോക്കടാ..അധികം വെളഞ്ഞാൽ പിടിച്ച്‌ അകത്തിടും..’ ഇങ്ങനെ പിടിച്ചെടുക്കുന്ന മദ്യം തിരികെ കൊടുക്കുന്ന കീഴ്‌വഴക്കമില്ല. ചിലപ്പോൾ ഇവർ കുപ്പികൾ എറിഞ്ഞ്‌ പൊട്ടിച്ചുകളയും, അതല്ല സൗകര്യമൊത്താൽ പിന്നീടുപകാരപ്പെട്ടാലോ എന്ന് കരുതി അവരുടെ ജീപ്പിൽ ഒളിപ്പിച്ച്‌ കളയും. മദ്യം തിരികെ തന്നില്ലെങ്കിൽ അത്‌ എഴുതിക്കിട്ടണമെന്നായപ്പോൾ മനസ്സില്ലാമനസ്സോടെ ഉദ്യോഗസ്ഥർ എഴുതി രശീത്‌ കൊടുത്തു.

പിറ്റേന്നാണ്‌ ഈ വിവരങ്ങൾ വച്ച്‌ ഒരു പരാതി എഴുതിത്തരാൻ പറഞ്ഞ്‌ ബന്ധു എന്നെ പിടികൂടിയത്‌. അങ്ങനെ ആദ്യവും അവസാനവുമായി ഞാനൊരു പരാതി, എക്സൈസ്‌ കമ്മീഷണർക്ക്‌ അയക്കാൻ എഴുതിക്കൊടുത്ത്‌ സൗദിയിലേക്ക്‌ രക്ഷപ്പെട്ടു.

പിന്നെയറിയുന്നത്‌ കേസ്‌ എങ്ങനെയെങ്കിലും ഒതുക്കിത്തീർക്കാൻ മദ്യം പിടിച്ചെടുത്ത ഓഫീസർ ഒന്നിലധികം തവണ അട്ടപ്പാടി കയറിയിറങ്ങിയെന്നാണ്.‌ അട്ടപ്പാടിയിൽ അധികൃതവും അനധികൃതവുമായ മദ്യവിൽപനയേ നിരോധിച്ചിട്ടുള്ളൂ അല്ലാതെ അനുവദനീയമായ അളവിൽ മദ്യം കൊണ്ടുപോകുന്നതിനോ അത്‌ ഉപയോഗിക്കുന്നതിനോ തടസമില്ല. ഈ നിയമവശം അറിയാത്ത അട്ടപ്പാടിവാസികളെ കബളിപ്പിക്കുകയായിരുന്നു അത്രയും കാലം ഉദ്യോഗസ്ഥർ. ഈ സംഭവത്തോടെ മദ്യവേട്ടക്ക്‌ കുറച്ചൊക്കെ ശമനം വന്നുവെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌. ഇനി ഞാൻ സിനിമ കണ്ടിട്ട്‌ ബാക്കി പറയാം.

Read More:‘താളം പോയ് തപ്പും പോയ്…’; ശ്രദ്ധ നേടി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായ് പൃഥ്വിരാജും ചിത്രത്തിലെത്തുന്നു. അതേസമയം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ അനാര്‍ക്കലി എന്ന ചിത്രത്തിന് ശേഷം സച്ചി ബിജു മേനോന്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘അയ്യപ്പനും കോശിയും’ എന്ന സിനിമയ്ക്കുണ്ട്.