ശസ്ത്രക്രിയക്കിടെ വയലിന് വായിച്ച് രോഗി; പിന്നില്‍ ചെറുതല്ലാത്തൊരു കാരണവും: വീഡിയോ
ശസ്ത്രക്രിയക്കിടെ രോഗിയുടെ വയലിന് വായന… കേള്‍ക്കുമ്പോള്‍ തന്നെ കൗതുകവും അമ്പരപ്പും തോന്നിയേക്കാം. എന്നാല്‍ കാര്യം സത്യമാണ് ഡാഗ്മര് ടര്‍ണര്‍ എന്ന രോഗിയാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കിടെ വയലിന് വായിച്ചത്. വെറുതെ ഒരു രസത്തിനായിരുന്നില്ല ഈ വയലിന് വായന. കൃത്യമായ കാരണവുമുണ്ട്.
2013-ലാണ് ഡാഗ്മര് ടര്‍ണറുടെ തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയത്. ചികിത്സിച്ചെങ്കിലും ട്യൂമര്‍ വളരാന്‍ തുടങ്ങി. ഇതോടെ ശസ്ത്രക്രിയ മാത്രമായി ട്യൂമര്‍ നീക്കം ചെയ്യാനുള്ള ഏക മാര്‍ഗ്ഗം.
ശസ്ത്രക്രിയയിലൂടനീളം 53കാരിയായ ഡാഗ്മര് ടര്‍ണറിന് ബോധം ഉണ്ടായിരുന്നു. തലച്ചോറിലെ വലത് ലോബില്‍ ആയിരുന്നു ട്യൂമര്‍. അതുകൊണ്ടുതന്നെ ശസ്ത്രക്രിയക്കിടെ ചെറിയ അബദ്ധം സംഭവിച്ചാല്‍ പോലും അത് ഡാഗ്മര് ടര്‍ണറിന്റെ ശരീരത്തിന്റെ ഇടത്തുഭാഗത്തെ ചലനത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്. വയലിന് വായിക്കാന്‍ ഏറെ ഇഷ്ടമുള്ള ഡാഗ്മര് ടര്‍ണര്‍ ശസ്ത്രക്രിയ സമയത്തും വയലിന് വായിക്കുന്നതുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ശരീരചലങ്ങള് കൃത്യമായി നിരീക്ഷിക്കാന്‍ സാധിച്ചു.
വയലിന് വായനയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഡാഗ്മര് ടര്‍ണറിന് ശസ്ത്രക്രിയയ്ക്ക് ശേഷവും വായലിന്‍ വായിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു ഉദ്യമത്തിന് ഡോക്ടര്‍മാര്‍ തയാറായത്. സങ്കീര്‍ണമായ ശസ്ത്രക്രിയയുടെ ആറ് മണിക്കൂര്‍ ഡാഗ്മര് ടര്‍ണര്‍ വയലിന് വായിച്ചു.
വിജയകരമായിരുന്നു ഡാഗ്മര് ടര്‍ണറിന്റെ ശസ്ത്രക്രിയ. വയലിന് വായിക്കുന്ന രോഗിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. ഡാഗ്മര് ടര്‍ണര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.