കൊറോണ: ചൈനയില്‍ നിന്നും 324 ഇന്ത്യക്കാര്‍ തിരിച്ചെത്തി; സംഘത്തില്‍ 42 മലയാളികള്‍
കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നും 324 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. സംഘത്തില്‍ 42 മലയാളികളുമുണ്ട്.
സംഘത്തിലെ 56 പേര്‍ ആന്ധ്രയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും ചൈനയില്‍ നിന്നും മടങ്ങിയെത്തിയിട്ടുണ്ട്.മടങ്ങിയെത്തിയവരില്‍ 211 പേര്‍ വിദ്യാര്‍ത്ഥികളാണ്. തിരിച്ചെത്തിയവരില്‍ എട്ട് കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു. മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ മനേസറിലെ സൈനിക ക്യാംപിലായിരിക്കും ഉണ്ടാവുക. കുടുംബങ്ങള്‍ ഐടിബിപി ക്യാംപിലും. സൈനത്തിന്റെ സഹായത്തോടെയാണ് ഈ ക്യാംപുകള്‍ പ്രവര്‍ത്തിക്കുക. 14 ദിവസം ഈ സംഘം പ്രത്യേക നിരീക്ഷണത്തിലായിരിക്കും.
അതേസമയം കൊറോണ വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 9,800 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 15,238 പേര്‍ക്ക് വൈറസ് ബാധ ഉള്ളതായും സംശയിക്കുന്നുണ്ട്.
ചൈനയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലേക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ചൈനയെ കൂടാതെ ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ 131 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.