ചായപ്രേമികള്‍ക്ക് ശീലമാക്കാം നീലച്ചായ; അറിയാം ചില ആരോഗ്യ കാര്യങ്ങള്‍

February 7, 2020

ഇടയ്ക്കിടെ ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. ബ്ലാക്ക് ടീയും ഗ്രീന്‍ ടീയുമെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാകാറുണ്ട്. കുറച്ചു നാളുകളായി ചായ പ്രേമികള്‍ക്കിടയില്‍ പുതിയ ഒരു തരം ചായ കൂടി ഇടംപിടിച്ചിരിക്കുകയാണ്, നീലച്ചായ. കഫീന്‍ അടങ്ങാത്ത നല്ല ഒന്നാന്തരം ഹെര്‍ബല്‍ ചായയാണ് നീലച്ചായ എന്നറിയപ്പെടുന്ന ബ്ലൂ ടീ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഏറെ ഗുണകരമാണ് നീലച്ചായ .

ഇന്ന് പലയിടങ്ങളിലും ഈ ഹെര്‍ബല്‍ ടീ സുലഭമാണ്. മധുരരുചിയുള്ള നീലച്ചായ നീല ശംഖുപുഷ്പത്തില്‍ നിന്നുമാണ് ഉണ്ടാക്കുന്നത്. കാണാനും ഏറെ മനോഹരമായ നീലച്ചായയുടെ ചില ഗുണങ്ങള്‍ പരിചയപ്പെടാം.

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് നീലച്ചായ. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ നീലച്ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗുണം ചെയ്യും. മാനസികസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും നീലച്ചായ ശീലമാക്കുന്നത് സഹായിക്കുന്നു.

Read more: അന്ന് ജീവിക്കാന്‍ പാനിപൂരിയും പഴങ്ങളും വിറ്റുനടന്ന ബാലന്‍ പിന്നീട് സെഞ്ചുറി നേടിയപ്പോള്‍… ലക്ഷ്യത്തിലേക്ക് നടന്നു കയറാന്‍ ചെറുതല്ല യശ്വസി താണ്ടിയ ദൂരം

ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് നീലച്ചായ. രക്തത്തിലെ ഇന്‍സുലിന്‍റെ അളവിനെ ക്രമപ്പെടുത്തുന്നതിനും നീലച്ചായ ഗുണകരമാണ്. നീലച്ചായ ശീലമാക്കുന്നത് ശരീര സൗന്ദര്യത്തിനും തലമുടിക്കും നല്ലതാണ്. മുടിയിഴകള്‍ക്ക് ഭംഗിയും ആരോഗ്യവും പ്രദാനം ചെയ്യുന്നതിനും നീലച്ചായ സഹായിക്കുന്നു.

ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും നീല ചായ ശീലമാക്കുന്നത് നല്ലതാണ്. തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനും ഇതുവഴി ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ആയിരിക്കാനും നീലച്ചായ സഹായിക്കുന്നു.