ഏപ്രില്‍ ഒന്നു മുതല്‍ രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ 4ജി

February 5, 2020

ഏപ്രില്‍ ഒന്നു മുതല്‍ രാജ്യവ്യാപകമായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 4ജി ലഭിച്ചുതുടങ്ങും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കോര്‍പറേറ്റ് ഓഫീസ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബിഎസ്എന്‍എല്‍ രക്ഷാ പാക്കേജിന്റെ ഭാഗമായാണ് 4ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

തീരുമാനപ്രകാരം രാജ്യത്തെ ഒരു ലക്ഷം ടവറുകള്‍ 4ജിയായി മാറും. ഇതിനായി നിലവിലുള്ള അമ്പതിനായിരം ടവറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനോടൊപ്പം അമ്പതിനായിരം ടവറുകളില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും. ടവറുകള്‍ ആധുനീവത്കരിക്കുന്നതിന്റെ ഭാഗമായാണ് 4ജി സംവിധാനം നടപ്പിലാക്കാന്‍ ഏപ്രില്‍ വരെ സമയം വേണ്ടിവരുന്നത്.

Read more: കൊറോണ വൈറസ്: മരണസംഖ്യം ഉയരുന്നു; ജാഗ്രതയോടെ ലോകം

അതേസമയം കേരളത്തില്‍ 701 ടവറുകളില്‍ ഇപ്പോള്‍ 4ജി സേവനം ലഭ്യമാണ്. ഫോണ്‍വിളികള്‍ക്ക് 2ജിയും ഡേറ്റ ഉപയോഗത്തിന് 4ജിയും എന്ന മാതൃകയിലാണ് കേരളത്തില്‍ 4ജി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഈ മാതൃകയില്‍ത്തന്നെയായിരിക്കും രാജ്യവ്യാപകമായും പദ്ധതി നടപ്പിലാക്കുക.

നിലവില്‍ കേരളത്തിലടക്കം 4ജി അവതരിപ്പിച്ച സ്ഥലങ്ങളില്‍ നിന്നും വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നു സര്‍ക്കിള്‍ ഓഫീസുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യവ്യാപകമായി 4ജി സംവിധാനം നടപ്പിലാക്കുമ്പോള്‍ വരുമാനത്തില്‍ കൂടുതല്‍ വര്‍ധനവുണ്ടാകും. അതേസമയം രാജ്യവ്യാപകമായി 4 ജി സംവിധാനം നടപ്പിലാക്കാന്‍ ജിഎസ്ടി അടക്കം 15,853 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ബജറ്റില്‍ ഇതടക്കമുള്ള തുക ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.