കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു; ജാഗ്രതയോടെ ലോകം

February 5, 2020

ലോകത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 492 ആയി. ഇവരില്‍ 490 പേരുടെ മരണവും ചൈനയില്‍ നിന്നാണ്. ചൈനയ്ക്ക് പുറമെ ഇന്ത്യയടക്കം 28 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ലോകം.

24,324 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3884 പേര്‍ക്കാണ് ഇന്നലെ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറമെ വൈറസ് ബാധ മൂലം ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മൂന്നു പേരും കേരളത്തിലുള്ളവരാണ്. സംസ്ഥാനത്ത് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് ആരോഗ്യ വകുപ്പ്. കൊറോണ വൈറസ് ബാധയെ കേരളത്തില്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ലെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതെന്നും ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജപ്പാനിലെ യോക്കോഹാമ തുറുമുഖത്ത് പിടിച്ചിട്ടിരിക്കുകയാണ് കപ്പല്‍. 3700 സഞ്ചാരികളും ജീവനക്കാരുമുണ്ട് കപ്പലില്‍.