വേഷപ്പകര്‍ച്ചകൊണ്ട് അതിശയിപ്പിക്കാന്‍ വിക്രം; ‘കോബ്ര’യില്‍ ഏഴ് ഗെറ്റപ്പുകള്‍

February 28, 2020

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുണ്ട് ചിയാന്‍ വിക്രമിന്. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം തന്നെ പലപ്പോഴും ആരാധകരോടുള്ള താരത്തിന്റെ ഇടപെടലുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂര്‍ണ്ണതയില്‍ താരം അവതരിപ്പിക്കുന്നു.

വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഇത്തവണ ഒന്നും രണ്ടും വേഷപ്പകര്‍ച്ചകള്‍ അല്ല, മറിച്ച് ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരമെത്തുന്നത്.

Read more: സന്ദര്‍ശകര്‍ തുള്ളിച്ചാടുമ്പോള്‍ കൂടെച്ചാടുന്ന മൃഗരൂപങ്ങള്‍, അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം; അത്ഭുതമാണ് ഈ മൃഗശാല: വീഡിയോ

‘കോബ്ര’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തെത്തി. ഏഴ് വ്യത്യസ്ത ലുക്കിലെത്തുന്ന താരത്തെ പോസ്റ്ററില്‍ കാണാം. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘ഇമൈക്ക നൊടികള്‍’, ‘ഡിമോണ്ടെ കോളനി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു.

ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാന്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നുണ്ട്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോബ്ര’.